കുത്തിയത് താനാണ്; കുറ്റം സമ്മതിച്ച് നിഖില്‍; ആറ് പേര്‍ കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ നാല് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
നിഖില്‍ പൈലി/ഫെയ്‌സ്ബുക്ക്‌
നിഖില്‍ പൈലി/ഫെയ്‌സ്ബുക്ക്‌

തൊടുപുഴ: ധീരജ് വധക്കേസിലെ പ്രധാന പ്രതിയായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ കുത്തിയത് താനാണ് നിഖില്‍ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ നാല് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇവര്‍ കെഎസ് യു ഭാരവാഹികളാണ്. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് ഇന്ന് കെഎസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ചത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. തൃശൂര്‍ സ്വദേശി ടി.അഭിജിത്ത്, അമല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. 

ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. കുത്തേറ്റ ധീരജിനെ ഉടനെ തന്നെ ഒപ്പമുള്ളവര്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഒരു സംഘര്‍ഷവുമില്ലാതെയുള്ള ഏകപക്ഷീയമായ ആക്രമണമാണിത്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി എസ്എഫ്‌ഐയാണ് ഇടുക്കി എന്‍ജിനീയറിങ് കോളജ് യൂണിയന്‍ ഭരിക്കുന്നത്.

കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാര്‍ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com