പ്രധാനമന്ത്രി 750 കർഷകരെ കൊന്നെന്ന് എഴുതി; ഓടിരക്ഷപ്പെട്ട കാർ ഉടമ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 09:14 AM  |  

Last Updated: 10th January 2022 09:14 AM  |   A+A-   |  

SLOGANS AGAINST MODI, CAR OWNER ARRESTED

മോദിയ്‌ക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മുദ്രാവാക്യമെഴുതിയ കാര്‍ തിരുവനന്തപുരത്ത് കണ്ടെത്തിയ സംഭവത്തിൽ കാർ ഉടമയെ പിടികൂടി. പഞ്ചാബ് മീററ്റ് സ്വദേശി രമൺജിത്ത് സിങ് ആണ് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയോടെ കഴക്കൂട്ടത്തു നിന്ന് പിടിക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. ഇന്നലെയാണ് തിരുവനന്തപുരം പട്ടത്തുനിന്ന് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

എഴുതിയത് തമിഴ്നാട്ടിൽവച്ച്

കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ മുതൽ പൊലീസും കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ മദ്യ ലഹരിയിലായതിനാൽ ഇയാളിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് നടത്തുന്ന ചോദ്യം ചെയ്യലിലായിരിക്കും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുക. സ്പെയർപാർട്സ് വിൽപനയുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ഇയാൾ. പഞ്ചാബ് സ്വദേശിയായ ബന്ധുവിന്റെ പേരിലുള്ള കാറാണ് ഇത്. ഇയാളുടെ ഒരു ബന്ധുവിനെ പൊലീസ് ബന്ധപ്പെട്ടതിൽ നിന്ന് തമിഴ്നാട്ടിൽ വച്ചാണ് കാറിൽ ഇത്തരത്തിൽ എഴുതിയത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. എന്നാൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇത്രയും ദൂരം എങ്ങനെയെത്തി എന്ന കാര്യത്തിൽ വ്യക്തതയില്ല. 

750 കര്‍ഷകരെ മോദി കൊന്നു

പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ള യുപി രജിസ്‌ട്രേഷന്‍ വാഹനമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.  ഇന്നലെ ഉച്ചയോടെയാണ് പട്ടം റോയല്‍ ക്ലബിന് മുന്നില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിക്ക് എതിരായ വാചകം വാഹനത്തിന് പുറത്ത് എഴുതിയിട്ടുണ്ട്.  750 കര്‍ഷകരെ മോദി കൊന്നെന്നാണ് എഴുതിയിരിക്കുന്നത്.  മദ്യപിച്ചതിന് ശേഷം ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച്  ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനത്തില്‍ പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം കണ്ടതോടെ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.  പഴകിയ വസ്ത്രങ്ങളും മറ്റ് ചില വസ്തുക്കളും മാത്രമാണ് വാഹനത്തിലുള്ളത്.