നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുമോ?; കോവിഡ് അവലോകനയോഗം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 07:06 AM  |  

Last Updated: 10th January 2022 07:07 AM  |   A+A-   |  

police checking

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോവിഡ് അവലോകനയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തന്നതിനൊപ്പം കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത് യോഗം ചര്‍ച്ച  ചെയ്യും. 

രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കോവിഡിനൊപ്പം ഒമൈക്രോണ്‍ വ്യാപനവും യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാര്‍ഗങ്ങളിലും വിദഗ്ധസമിതിയുടേതടക്കം പുതിയ നിര്‍ദേശങ്ങള്‍ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും ഇന്ന് നടക്കും.

ടിപിആർ 11 നും മുകളിൽ

കേരളത്തില്‍ ഇന്നലെ 6238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻ ആഴ്ച്ചത്തെ അപേക്ഷിച്ച് 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വർധന.  ടിപിആറും ഉയർന്നു. ഇന്നലെ 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്  ടിപിആര്‍ പത്ത് ശതമാനം കടക്കുന്നത് ഒന്നരമാസത്തിന് ശേഷമാണ്.