അച്ഛന് മദ്യം നല്‍കി, ആദിവാസി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു; എട്ടുമാസം ഗര്‍ഭിണി, മൂന്ന് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 12:14 PM  |  

Last Updated: 11th January 2022 12:14 PM  |   A+A-   |  

sexual assault case

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ജയകൃഷ്ണന്‍, രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛന് മദ്യം നല്‍കി ബോധംകെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ നിരന്തരം പിഡീപ്പിച്ചത്. 

പമ്പയിലാണ് സംഭവം. ഇതില്‍ രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നി പ്രതികള്‍ പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന കോളനിയിലെ തന്നെ താമസക്കാരാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തിറഞ്ഞത്. കോവിഡ് കാലത്ത് സ്‌കുളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന ഘട്ടത്തില്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം. 

വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം ചൈല്‍ഡ് ലൈനിനേയും പൊലീസിനേയും അറിയിക്കുകയായിരുന്നു. 

ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസമാണ് കൂടുതല്‍ പ്രതികളുടെ പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കോളനിവാസികളായ രണ്ടുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊല്ലം ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.