കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടു വെച്ചിട്ട് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ല: ഹൈക്കോടതി

1994 മുതൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിനരികെ 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: കള്ളുഷാപ്പിന് സമീപം സ്ഥലം വാങ്ങി വീടു വെച്ച ശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കള്ളുഷാപ്പ് ലൈസൻസി നൽകിയ അപ്പീൽ പരി​ഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

വൈക്കം റേഞ്ച് പരിധിയിലെ ഒരു കള്ളുഷാപ്പു മാറ്റി സ്ഥാപിക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. 1994 മുതൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിനരികെ 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. പിന്നെയും അഞ്ച് വർഷം കഴിഞ്ഞ് ഇവിടെ വീട് പണിതു. പിന്നെയും കുറെ നാൾ കഴിഞ്ഞാണ് താമസം തുടങ്ങിയത്.

ഇതിനുശേഷം തന്റെയും കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ ഷാപ്പ് മാറ്റി സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. എന്നാൽ, അനുയോജ്യമായ സ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ലൈസൻസി നൽകിയ പരാതിയിൽ അനുയോജ്യ സ്ഥലം കിട്ടുന്നതുവരെ ഷാപ്പ് അവിടെത്തന്നെ തുടരാൻ സർക്കാർ അനുമതി നൽകി. 

ഇതിനെതിരേ വീട്ടമ്മ നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇതിനെതിരെയാണ്  കള്ളുഷാപ്പ് ലൈസൻസി അപ്പീൽ നൽകിയത്. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നല്ലാതെ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടില്ലെന്നത് ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ച് പരി​ഗണിച്ചു. മാറ്റി സ്ഥാപിക്കാൻ എതിർപ്പില്ലാത്ത സ്ഥലം ഷാപ്പിന്റെ പരിധിയിൽ വേറെയുള്ളത് ചൂണ്ടിക്കാട്ടാൻ ഹർജിക്കാരിക്കും കഴിഞ്ഞില്ല. ഇതെല്ലാം വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com