മരണ കാരണം നെഞ്ചില്‍ 3 സെന്റിമീറ്റര്‍ ആഴത്തിലേറ്റ കുത്ത്; ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചതവുകള്‍; ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 02:03 PM  |  

Last Updated: 11th January 2022 02:09 PM  |   A+A-   |  

dheeraj

ധീരജ് /ഫയല്‍ ചിത്രം

 

പൈനാവ്: ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മരണ കാരണം നെഞ്ചില്‍ ആഴത്തിലേറ്റ കുത്ത് ആണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടത് നെഞ്ചിന് താഴെയായി കത്തികൊണ്ട് 3 സെന്റിമീറ്റര്‍ ആഴത്തിലാണ് കുത്തേറ്റിട്ടുള്ളത്. കുത്തേറ്റ് ഹൃദയത്തിന്റെ അറ തകർന്നു. ഒരു കുത്ത് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഇടുക്കി എസ്പി കറുപ്പസ്വാമി പറഞ്ഞു. നിഖില്‍ പൈലി, ജെറിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കോളജില്‍ എത്താനിടയായ കാരണങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. 

കത്തി കയ്യിൽ കരുതിയത് സ്വയരക്ഷയ്ക്കെന്ന് നിഖിൽ

രണ്ടു മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവര്‍ കേസിലെ പ്രതികളാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കറുപ്പസ്വാമി വ്യക്തമാക്കി. സ്വയരക്ഷയ്ക്കാണ് കത്തി കയ്യില്‍ കരുതിയതെന്നാണ് അറസ്റ്റിലായ മുഖ്യപ്രതി നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞത്. മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജില്‍ എത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് കേസില്‍ അറസ്റ്റിലായ ജെറിന്‍ ജോജോ. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയ്‌ക്കെതിരെ കേസ്. ഇരുവരുടേയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. കൃത്യത്തിന് പിന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

വിലാപയാത്ര കണ്ണൂരിലേക്ക്

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം ഇടുക്കി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി, മൃതദേഹം സഹപാഠികളും സിപിഎം നേതാക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. മൃതദേഹം സിപിഎം ഇടുക്കി സിപിഎം ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ഇതിനുശേഷം വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുകയാണ്. കണ്ണൂർ തൃച്ചംബരം പട്ടപ്പാറ പൊതുശ്മശാനത്തില്‍ ഇന്നു വൈകീട്ടാണ് സംസ്‌കാരം നടത്തുക.