'ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പം; കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 12:43 PM  |  

Last Updated: 11th January 2022 12:43 PM  |   A+A-   |  

joy mathew on actress assault case

ജോയ് മാത്യു/ഫെയ്‌സ്ബുക്ക്‌

 

കോഴിക്കോട്: ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ലെന്ന് നടന്‍ ജോയ് മാത്യു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്കു പിന്തുണയുമായി സിനിമാ ലോകത്തെ പ്രമുഖര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. 

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളെല്ലാം നടിക്കു പിന്തുണയുമായി ഇന്നലെ രംഗത്തുവന്നു. നടി സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് താരങ്ങള്‍ പിന്തുണ അറിയിച്ചത്. 'നിനക്കൊപ്പം' എന്ന് മമ്മൂട്ടിയും 'ബഹുമാനം' എന്ന് മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പിന്തുണയറിയിച്ചു.

പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. 

നടി പങ്കുവച്ച കുറിപ്പ്:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.