ഒരു തരത്തിലും ന്യായീകരിക്കാനില്ല; കൊലപാതകം ദൗര്‍ഭാഗ്യകരം; സുധാകരനെതിരായ സിപിഎം ആരോപണം അടിസ്ഥാനരഹിതം; വിഡി സതീശന്‍

കോണ്‍ഗ്രസോ, യുഡിഎഫോ കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കില്ല.
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം:എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. സുധാകരനെതിരായ സിപിഎമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സതീശന്‍ പറഞ്ഞു. 

കോണ്‍ഗ്രസോ യുഡിഎഫോ കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കില്ല. ഒരുതരത്തിലുള്ള ന്യായീകരണവും ഒരു കാരണവശാലും പറയില്ല. ക്യാമ്പസിലെ അക്രമം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ വിദ്യാര്‍ഥി സംഘടനകളോട് ആവശ്യപ്പെടണമെന്നും സതീശന്‍ പറഞ്ഞു.

ക്യാമ്പസുകളിലെ അതിക്രമങ്ങള്‍ വളരെയധികം ഉയര്‍ന്ന തലത്തിലാണ്. ക്യാമ്പസുകളില്‍ അക്രമം രൂക്ഷമായതിനാല്‍ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി പോകുന്ന സാഹചര്യമുണ്ട്. കോണ്‍ഗ്രസ് അക്രമ ശൈലി സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതികളായിട്ടുള്ളത് സിപിഎം പ്രവര്‍ത്തകരാണ്. തീവ്രവാദ സംഘടനകളേക്കാളും മികച്ച രീതിയിലാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. വിവിധ കൊലപാതക കേസുകളില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ അവര്‍ തന്നെയാണ് സംരക്ഷിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. 

അക്രമത്തിന് കെ സുധാകരന്‍ ആഹ്വാനം ചെയ്‌തെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. ഇക്കാര്യം ഡിവൈഎഫയും സിപിഎമ്മും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. സുധാകരന്റെ കണ്ണൂര്‍ ശൈലി സമാധാനം തകര്‍ക്കുന്നതാണെന്ന് പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് സിപിഎമ്മും പോഷകസംഘടനകളും നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com