കല്യാണം കഴിഞ്ഞ് സൈറണും മുഴക്കി നവദമ്പതികളുടെ ആംബുലൻസ് യാത്ര, വിഡിയോ വൈറലായി; വണ്ടി കസ്റ്റഡിയിലെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 08:11 AM  |  

Last Updated: 12th January 2022 08:33 AM  |   A+A-   |  

ambulance_marriage

വിവാഹഓട്ടത്തിനു പോയ ആംബുലൻസ് കസ്റ്റഡിയിലെടുത്തപ്പോൾ

 

ആലപ്പുഴ; വിവാഹ ശേഷം ആഘോഷപൂര്‍വമായി പാട്ടും സൈറണും മുഴക്കി വരന്റേയും വധുവിന്റെ യാത്ര. അപൂർവ കാഴ്ച കാണാൻ റോഡിനരികെ നാട്ടുകാർ തടിച്ചുകൂടി. ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വാഹനം മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു.

ആംബുലൻസിലെ ആഘോഷയാത്ര കാണാൻ തടിച്ചുകൂടി നാട്ടുകാർ

തിങ്കളാഴ്ച കായംകുളം കറ്റാനത്താണ് സംഭവമുണ്ടാകുന്നത്. ആംബുലന്‍സ് ഡ്രൈവര്‍കൂടിയായ വരനും വധുവും വിവാഹംനടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂര്‍വമായി പാട്ടും സൈറണും മുഴക്കിയാണ് പോയത്. നവദമ്പതികളുമായി ആഘോഷത്തോടെ നീങ്ങിയ ആംബുലൻസ് കാണാൻ ഒട്ടേറെ പേർ റോഡരികിൽ എത്തിയിരുന്നു. 

വിഡിയോ വൈറലായത് പണിയായി

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നു. വിഡിയോ ശ്രദ്ധയിൽപെട്ട ട്രാൻസ്പോർട്ട് കമ്മിഷണർ നടപടിക്കു നിർദേശം നൽകുകയായിരുന്നു. അത്യാഹിതങ്ങള്‍ക്കുപയോഗിക്കുന്ന ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനാണ് വണ്ടി കസ്റ്റഡിയിലെടുത്തത്.

കറ്റാനം വെട്ടിക്കോട് മനു വർഗീസിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ ആംബുലൻസാണ് വിവാഹ ആവശ്യത്തിന് ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഉടമയ്ക്ക് ആലപ്പുഴ ആർടിഒ ജി.എസ്.സജി പ്രസാദ് നോട്ടിസ് നൽകി. രജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കാതിരിക്കാൻ ഉടമയ്ക്കും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഡ്രൈവർക്കും കാരണം കാണിക്കൽ നോട്ടിസും നൽകി. കൂട്ടത്തിലുള്ള ആംബുലൻസ് ഡ്രൈവറുടെ വിവാഹ ആവശ്യത്തിനാണ് ആംബുലൻസ് ഉപയോഗിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.