'വാട്‌സ്ആപ്പ് ബ്ലോക്ക് മാറ്റണം'; യുവാവ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി, യുവതിയുടെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 09:19 PM  |  

Last Updated: 12th January 2022 09:19 PM  |   A+A-   |  

Suicide

പ്രതീകാത്മക ചിത്രം

 

മലപ്പുറം: ആലങ്കോട് കാളാച്ചാലില്‍ യുവതി ആത്മഹത്യ ചെയ്തത് വാട്‌സാപ് അണ്‍ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണെന്ന് പരാതി. ആലങ്കോട് അച്ചിപ്രവളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(29)യെയാണ് ഇന്നലെ രാത്രി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസും വിരലടയാള പരിശോധന സംഘവും സ്ഥലത്തെത്തി തെളിവെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ഷഫീലയെ മരിച്ചനിലയില്‍ കണ്ടത്. രാത്രി ഒമ്പത് മണി വരെ അടുത്ത വീട്ടുകാരുമായും 9.30ന് സഹോദരന്‍ അബ്ദുല്‍ വാഹിദിന്റെ ഭാര്യ നൂര്‍ജഹാനുമായി ഫോണിലും ഷഫീല സംസാരിച്ചിരുന്നു. 

മലപ്പുറം മങ്കട സ്വദേശിയായ യുവാവ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ വന്നതായും ഭീഷണിപ്പെടുത്തിയതായും ഇളയസഹോദരന്‍ അബൂബക്കര്‍ സിദ്ധീഖിനോട് ഷഫീല പറഞ്ഞിരുന്നു. ഇയാളെ വാട്‌സാപില്‍ ബ്ലോക്ക് ചെയ്തത് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. വാട്‌സാപ് അണ്‍ബ്ലോക്ക് ചെയ്താലേ തിരിച്ചു പോകൂ എന്നും പറഞ്ഞ് ഏറെ നേരം വഴക്കിട്ടതായും സമീപവാസികള്‍ പറയുന്നു.

ഒമ്പതും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കളും ഷഫീലയുമാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് റഷീദ് നാലുമാസം മുമ്പ് വിദേശത്ത് പോയി. മരിക്കുന്നതിനു മുമ്പ് യുവതി സഹോദരന് മൊബൈലില്‍ സന്ദേശമയച്ചിരുന്നു. സന്ദേശത്തിലെ അസ്വാഭാവികതയെ തുടര്‍ന്ന് രാത്രി 11 മണിയോടെ സഹോദരന്‍ ഏറെ തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഉടന്‍ ഇളയസഹോരദരന്‍ സിദ്ധീഖ് കുറ്റിപ്പുറത്തു നിന്നും ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.