സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി; ഇ-പോസ് മെഷീനിലെ തകരാര്‍ തുടരുന്നു; പ്രതിഷേധം ശക്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 11:38 AM  |  

Last Updated: 12th January 2022 11:38 AM  |   A+A-   |  

ration shop

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് റേഷന്‍ വിതരണം മുടങ്ങുന്നത്. സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതോടെയാണ്
സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തിലായത്. 

ഇതേത്തുടര്‍ന്ന് ബിപിഎല്‍, എെൈവ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്ക് മുടങ്ങി. പകരം സംവിധാനവും ഒരുക്കിയിട്ടില്ല. തകരാര്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ റേഷനെ മാത്രം ആശ്രയിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയുണ്ടാകും. 

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകള്‍ പണിമുടക്കി തുടങ്ങുന്നത്. ഇന്നലെ ഇ പോസ് മെഷീന്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്തി റേഷന്‍ വിതരണം നടത്താന്‍ ഒരു തരത്തിലും കഴിയാതെ വന്നതോടെ വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം ഉച്ചയ്ക്ക് ശേഷം കടകള്‍ അടച്ചിട്ടു. 

രാവിലെ മുതല്‍ റേഷന്‍ വാങ്ങാനെത്തിയവര്‍ ബഹളം വെയ്ക്കുകയും പലയിടത്തും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തതോടെയാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് പതിനായിരത്തോളം കടകള്‍ ഉള്ളതില്‍ നാലായിരത്തില്‍ താഴെ മാത്രമാണ് തുറന്നത്. 91.81 ലക്ഷം കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഡേറ്റ സെന്റിലാണ് തകരാര്‍ ഉണ്ടായിരിക്കുന്നത്.