കുമ്പളങ്ങി സ്റ്റൈല്‍ ഫിഷ് മോളി, ഞണ്ട് ഉലര്‍ത്തിയത്, ചെമ്മീന്‍ റോസ്റ്റ്, കള്ളപ്പം; ഗവര്‍ണര്‍ക്ക് നാടന്‍ വിഭവങ്ങളൊരുക്കി കെ വി തോമസിന്റെ സല്‍ക്കാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2022 10:45 AM  |  

Last Updated: 13th January 2022 10:45 AM  |   A+A-   |  

kv thomas

കെ വി തോമസും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും/ ഫയൽ

 

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. കെ വി തോമസിന്റെ വീട്ടില്‍ അതിഥിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തി. രാത്രി കുമ്പളങ്ങിയിലെത്തിയ ഗവര്‍ണര്‍ കെവി തോമസിന്റെ വീട്ടിലാണ് തങ്ങിയത്. കുമ്പളങ്ങിയുടെ തനത് വിഭവങ്ങളൊരുക്കിയാണ് കെ വി തോമസും കുടുംബവും ഗവര്‍ണറെ സല്‍ക്കരിച്ചത്. 

കുമ്പളങ്ങി സ്റ്റൈല്‍ ഫിഷ് മോളി, ഞണ്ട് ഉലര്‍ത്തിയത്, ചാള വറുത്തത്, ചെമ്മീന്‍ റോസ്റ്റ്, പുട്ട്, കടല, അപ്പം എന്നിവയാണ് ഒരുക്കിയത്. ഇഷ്ടഭക്ഷണത്തെക്കുറിച്ച് ഗവര്‍ണറോട് ചോദിച്ചെങ്കിലും നാടന്‍ ഭക്ഷണം മതിയെന്ന് അദ്ദേഹം പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി. 

ആരിഫ് മുഹമ്മദ് ഖാനൊപ്പം പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ നല്ല സുഹൃത്തുക്കളാണെന്ന് കെ വി തോമസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍വെച്ച് ആരിഫ് മുഹമ്മദ് ഖാന്‍ കുമ്പളങ്ങിയിലെത്താമെന്ന് തോമസിന് വാക്കു നല്‍കിയിരുന്നു. 

രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ ഗവര്‍ണറെ കെ വി തോമസും ഭാര്യ ഷേര്‍ളിയും മകള്‍ രേഖയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. രാത്രി കൊച്ചിയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ച ജുഗല്‍ബന്ദിയും ഒരുക്കിയിരുന്നു. 

കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ കുമ്പളങ്ങിയിലെത്തിയത്. ഇന്നുരാവിലെ 11 ന് കുമ്പളങ്ങി സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ്ഗ്രാമയോജന പദ്ധതി ഉദ്ഘാടനം ചെയ്തശേഷം ഗവര്‍ണര്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.