ആനയുടെ തേറ്റയും പല്ലും വില്‍ക്കാന്‍ ശ്രമിച്ചു; പിടികൂടുമെന്നായപ്പോള്‍ ഡാമിലെറിഞ്ഞു, മുങ്ങിയെടത്ത് വനംവകുപ്പ്, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2022 07:25 PM  |  

Last Updated: 13th January 2022 07:25 PM  |   A+A-   |  

Tried to sell elephant tusk

വില്‍ക്കാന്‍ ശ്രമിച്ച തേറ്റ, അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍

 

തൃശൂര്‍:ആനയുടെ രണ്ട് തേറ്റകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന്റെ കീഴിലുള്ള പീച്ചി ഫോറസ്റ്റ് സ്‌റ്റേഷന്റെ അധികാര പരിധിയില്‍ മാമ്പറ ഭാഗത്ത് ചരിഞ്ഞ പിടിയാനയുടെ രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വില്‍പ്പനയ്ക്ക് വെച്ചവരാണ് അറസ്റ്റിലായത്. വാണിയമ്പാറ, മണിയന്‍കിണര്‍ കോളനിയില്‍ താമസിക്കുന്ന വിനീഷ്, ജോസഫ് എന്ന മനോജ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 

ഡിസംബറില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍പ്പോയ വിനീഷ് മാമ്പറ ഭാഗത്ത് ആന ചരിഞ്ഞത് കാണുകയും തുടര്‍ന്ന് രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട് മനോജിനോട് ഈ വിവരം പറഞ്ഞു. ഇരുവരും ചേര്‍ന്ന് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. 

വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീട്ടിലും പരിസരത്തും തെരച്ചില്‍ നത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിടിവീഴും എന്ന് മനസ്സിലാക്കിയതോടെ, തേറ്റയും പല്ലും പീച്ചി ഡാമിലേക്ക് ഇവര്‍ വലിച്ചെറിയുകയായിരുന്നു. 

ഇതില്‍ ഒരു തേറ്റ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചില്‍ ഡാമില്‍ നിന്ന് ലഭിച്ചു. മറ്റൊരു തേറ്റ വിറ്റെന്നായിരുന്നു വിനീഷ് പറഞ്ഞത്. എന്നാല്‍ ഇതും ഡാമില്‍ തന്നെയുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വീണ്ടും തെരച്ചില്‍ നടത്തി കണ്ടെത്തുകയായിരുന്നു.