ചികിത്സയ്ക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; ഇന്നു ഗവര്‍ണറെ കാണുമോ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 08:44 AM  |  

Last Updated: 14th January 2022 08:44 AM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍/ഫയല്‍

 

തിരുവനന്തപുരം: ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക് പോകും. മുഖ്യമന്ത്രി അമേരിക്കയില്‍ കഴിയുന്ന സമയത്തെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. അവിടെനിന്ന് ഓണ്‍ലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണ് തീരുമാനം.

അതേസമയം വിദേശയാത്രയ്ക്ക് മുമ്പ് മുഖ്യമന്ത്രി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കുമോ എന്നതിൽ സസ്പെൻസ് തുടരുകയാണ്. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ് സർക്കാരിന്റെ തലവനായ ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കുന്നതാണ് കീഴ് വഴക്കം. എന്നാൽ സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരും ​ഗവർണറും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഈ കീഴ് വഴക്കം പാലിക്കുമോ എന്നതിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്.  

ഗവർണർ കൊച്ചിയിൽനിന്ന് ഇന്നു മടങ്ങിയെത്തും. മുഖ്യമന്ത്രിയും തലസ്ഥാനത്തുണ്ട്. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിക്ക് ​ഗവർണറെ കാണാൻ തടസ്സമില്ല. മുഖ്യമന്ത്രി സിപിഎം ജില്ലാ സമ്മേളനത്തിലും കോവിഡ് അവലോകന യോഗത്തിലും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും ​ഗവർണറും തമ്മിൽ കൂടിക്കാഴ്ച നടന്നാൽ ഇപ്പോഴത്തെ സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് ഇ ഫയൽ സംവിധാനത്തിലൂടെ ഫയലുകൾ തീർപ്പാക്കാനാണ് സാധ്യത.