നിയന്ത്രണം വീണ്ടും കടുപ്പിക്കും?; കോവിഡ് അവലോകനയോഗം ഇന്ന്; സ്‌കൂള്‍ അടയ്ക്കുന്നതിലും തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 06:33 AM  |  

Last Updated: 14th January 2022 06:36 AM  |   A+A-   |  

police checking

പൊലീസ് പരിശോധന / ഫയൽ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി കോവിഡ് അവലോകനയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. വൈകീട്ട് മൂന്നുമണിയ്ക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. 

കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. പൊതു സമ്പര്‍ക്കം കുറയ്ക്കുക ലക്ഷ്യമിട്ട് നിയന്ത്രണങ്ങളും കൂടുതല്‍ കടുപ്പിച്ചേക്കും. 

സ്‌കൂളുകള്‍ അടയ്ക്കണോ എന്ന കാര്യത്തിലും കോവിഡ് അവലോകനയോഗം തീരുമാനമെടുക്കും. കോവിഡ് രോഗവ്യാപനം ആശങ്കാജനകമാണെന്നും, കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തി സ്‌കൂളുകള്‍ അടയ്ക്കണോ എന്നതില്‍ കോവിഡ് അവലോകനയോഗത്തില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. 

കോവിഡും പുതിയ വകഭേദമായ ഒമൈക്രോണും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിടണമെന്നും, ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുക, സമയം ക്രമീകരിക്കുക, രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരിക തുടങ്ങിയ കര്‍ശന നടപടികള്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.