വിദേശിയെ കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച കേസ്; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 05:03 PM  |  

Last Updated: 14th January 2022 05:03 PM  |   A+A-   |  

liquor_throw_away

മദ്യം ഒഴുക്കിക്കളഞ്ഞതിന്റെ വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: കോവളത്ത് വിദേശിയെ കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച കേസില്‍ ഗ്രേഡ് എസ്‌ഐ ടിസി ഷാജിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. നിരപരാധിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തിലാണ് നടപടി. 

പുതുവര്‍ഷത്തലേന്നായിരുന്നു സംഭവം. ബെവ്‌കോയില്‍ നിന്നു വാങ്ങിയ മദ്യവുമായി സ്‌കൂട്ടറില്‍ പോയ വിദേശപൗരനെ തടഞ്ഞ് മദ്യം വഴിയില്‍ ഒഴുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബില്‍ ഇല്ലെന്ന് കാണിച്ചായിരുന്നു നടപടി. സംഭവത്തില്‍, പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്ന കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

സംഭവത്തില്‍ ഡിജിപിയോടു മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര പിഴവാണെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്റ് ചെയ്തിരുന്നു. 

വര്‍ഷങ്ങളായി കോവളത്തു താമസിച്ച് ഹോം സ്‌റ്റേ നടത്തുന്ന ഡച്ച് പൗരന്‍ സ്റ്റിഗ് സ്റ്റീവന്‍ ആസ്‌ബെര്‍ഗിനെയാണ് കോവളം പൊലീസ് തടഞ്ഞത്. വെള്ളാറിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നു വാങ്ങിയ 3 കുപ്പി മദ്യവുമായി താമസസ്ഥലത്തേക്കു പോകുകയായിരുന്ന സ്റ്റീവനെ വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി ബില്‍ ആവശ്യപ്പെട്ടു. ബില്ല് ഇല്ലാത്തതിനെ തുടര്‍ന്ന് മദ്യം കൊണ്ടുപോകാനാകില്ലെന്നും റോഡില്‍ ഉപേക്ഷിക്കാനും നിര്‍ദേശിച്ചു.തുടര്‍ന്ന് ഇയാള്‍ രണ്ട് കുപ്പി മദ്യം ഒഴുക്കികളയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഇതിന്റെ വീഡിയോ പകര്‍ത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബില്‍ എത്തിച്ചാല്‍ മതിയെന്നും പൊലീസ് നിലപാടു മാറ്റി. തുടര്‍ന്നു വില്‍പനകേന്ദ്രത്തില്‍ എത്തി ബില്‍ വാങ്ങി വന്നതോടെ സ്റ്റീവനെ പൊലീസ് വിട്ടയക്കുകയായിരുന്നു.

അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നുമായിരുന്നു പൊലിസിന്റെ വിശദീകരണം