ഇന്ന് മകരവിളക്ക്, പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല; പത്തനംതിട്ടയിൽ അവധി

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദർശിച്ച്  സായൂജ്യം നേടാനുമായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശബരിമല; മകരവിളക്ക് ഇന്ന്. ശരണ മന്ത്രഘോഷങ്ങളുമായി ഭക്തിയുടെ കൊടുമുടിയിലാണ് സന്നിധാനം. പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും. ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദർശിച്ച്  സായൂജ്യം നേടാനുമായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്. 

കോവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ

കോവിഡ് നിയന്ത്രണങ്ങൾ കാരണം പർണശാലകൾ കെട്ടാൻ അനുവദിച്ചിട്ടില്ലെങ്കിലും സന്നിധാനത്തും പമ്പയിലും മാത്രമല്ല പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിന് അയ്യപ്പഭക്തർ കാത്തിരിക്കുന്നു. പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല.

ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ മുഹൂർത്തം. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ് സംക്രമ വേളയിൽ അഭിഷേകം ചെയ്യും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 നു ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേൽശാന്തിയും തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. 6.30നും 6.45നും മധ്യേ ദീപാരാധന. തുടർന്നു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

പത്തനംതിട്ടയിൽ ഇന്ന് അവധി

മകരവിളക്കിനെ തുടർന്ന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com