'ഞാനൊരു വേസ്റ്റാണോ ചേച്ചി', മധുവിധു തീരുംമുൻപേ മ്ലാനവതിയായി വിസ്മയ, നേരിട്ടത് ക്രൂരപീഡനം; സാക്ഷിമൊഴി

ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോൾ നീ ചത്താൽ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരൺ പറഞ്ഞു
വിസ്മയ, കിരണ്‍ കുമാര്‍ / ഫയല്‍ ചിത്രം
വിസ്മയ, കിരണ്‍ കുമാര്‍ / ഫയല്‍ ചിത്രം

കൊല്ലം; സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ നിരന്തരം ക്രൂര മർദനത്തിന് ഇരയായെന്ന് സാക്ഷിമൊഴി. ഗള്‍ഫുകാരന്‍റെ മകളായതുകൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരൺ പറഞ്ഞതായി വിസ്മയ വാട്സ്ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്. വിസ്മയ കേസിലെ വിചാരണയ്ക്കിടെ സഹോദര ഭാര്യ  ഡോക്ടർ രേവതിയാണ് കോടതിയിൽ മൊഴി നൽകിയത്. മർദ്ദനത്തെ പറ്റിയുളള വിസ്മയയുടെ വാട്സാപ്പ്  സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. 

​ഗൾഫുകാരന്റെ മകളായതുകൊണ്ടാണ് കല്യാണം കഴിച്ചതെന്ന് കിരൺ

ഗൾഫുകാരന്റെ മകളായതു കൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് തന്നെ വിവാഹം കഴിച്ചതെന്ന് കിരൺ പറഞ്ഞതായി വിസ്മയ സഹോദര ഭാര്യയെ അറിയിച്ചിരുന്നു. കിരൺ ഭിത്തിയിൽ ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നു. 

'നീ ചത്താൽ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ'

വിജിത്തിന്റെ വിവാഹാലോചന വന്നതുമുതൽ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ വിസ്മയ മ്ലാനവതിയായി. കാർ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് ഓണസമയത്ത് വഴിയിൽവെച്ച് വഴക്കുണ്ടായപ്പോൾ വിസ്മയ റോഡിൽ ഇറങ്ങിനിന്നു. വിസ്മയ ’ഞാനൊരു വേസ്റ്റാണോ ചേച്ചി’ എന്നു ചോദിച്ചതായും മൊഴിയിൽ പറയുന്നു. വിജിത്തിന്റെ വിവാഹത്തിന് കിരൺ പങ്കെടുത്തില്ല. മാനസികസമ്മർദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോൾ നീ ചത്താൽ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരൺ പറഞ്ഞു.

ആയുർവേദ കോഴ്‌സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാൽ വിവരം താൻ ഭർത്താവ് വിജിത്തിനെയും മാതാപിതാക്കളെയും അറിയിച്ചു. കരയോഗത്തിൽ പരാതിനൽകിയതിനെ തുടർന്ന് ചർച്ചചെയ്യാനിരിക്കെ മാർച്ച് 17-ന് വിസ്മയയെ കിരൺ കോളേജിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. അവസാന നാളുകളിൽ താനുമായി ആശയവിനിമയം നടത്താതിരിക്കാൻ വിസ്മയയുടെ ഫോണിൽ കിരൺ തന്റെ നമ്പർ ബ്ലോക്കു ചെയ്തിരുന്നുവെന്നും ഡോക്ടർ രേവതി കോടതിയെ അറിയിച്ചു. കിരൺ തുടർച്ചയായി മർദ്ദിച്ച കാര്യം വെളിപ്പെടുത്തി വിസ്മയ അയച്ച വാട്സാപ്പ് സന്ദേശങ്ങളും കോടതിക്കു മുന്നിൽ രേവതി തിരിച്ചറിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com