പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയ്ലിങ്ങ്; സ്ഥാപന ഉടമ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2022 06:33 AM  |  

Last Updated: 15th January 2022 06:33 AM  |   A+A-   |  

kochi arrest

പ്രതീകാത്മക ചിത്രം

 


കൊച്ചി : പ്രണയം നടിച്ചു ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. കലൂരിൽ സ്വകാര്യ വായ്പ ഇടപാടു സ്ഥാപനം നടത്തിയിരുന്ന തൃപ്പൂണിത്തുറ എരൂർ സ്വദേശി സെൽവരാജ് (40) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ആലുവ സ്വദേശിയായ യുവതിയെ വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി. കലൂരിൽ സെൽവരാജ് കഴിഞ്ഞ വർഷം ആരംഭിച്ച സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. സ്ഥാപനത്തിൽ വെച്ച് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. പിന്നീട് ബിസിനസ് കോൺഫറൻസുകൾ എന്ന വ്യാജേന വയനാട്ടിൽ ഉൾപ്പെടെ എത്തിച്ചും പീഡിപ്പിച്ചു.

ഇതിനിടെ വിവാഹിതയായ യുവതിയെ, ദൃശ്യങ്ങൾ പുറത്തു വിടുമെന്നു പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു. സ്വർണം നൽകിയെങ്കിലും ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടരന്വേഷണത്തിനു പരാതി കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു.