'മന്ത്രിമാരുടെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥ'; സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2022 03:10 PM  |  

Last Updated: 15th January 2022 03:10 PM  |   A+A-   |  

pinarayi-kodiyeri

സിപിഎം സമ്മേളന വേദിയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും/ ഫെയ്‌സ്ബുക്ക്


തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനം. പാളയം ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എംഎല്‍എ വികെ പ്രശാന്ത്, മന്ത്രി ഓഫീസുകളുടെ വേഗത കുറവാണെന്നും എംഎല്‍മാര്‍ക്ക് അടക്കം പ്രശ്‌നങ്ങള്‍ നേരിടുന്നെന്നും ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സര്‍ക്കാര്‍ പോലെയല്ല രണ്ടാം സര്‍ക്കാര്‍. പല കാര്യങ്ങളിലും നടപടികള്‍ വൈകുന്നതായും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. 

കോവളം ഏരിയ കമ്മിറ്റി പ്രതിനിധി, മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിലും പാവങ്ങള്‍ക്ക് കയറാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായെന്നായിരുന്നു വിമര്‍ശനം.

പല വനിതാ പ്രവര്‍ത്തകര്‍ക്ക് എതിരെയും നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ സിപിഎം നടപടി സ്വീകരിക്കണമെന്ന് കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയിലെ വനിതാ പ്രതിനിധി ആവശ്യപ്പെട്ടു. എസ്എഫ്‌ഐ വെറുമൊരു ആള്‍ക്കൂട്ടമായി മാറിയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.