സില്‍വര്‍ ലൈന്‍ ഡിപിആര്‍ തട്ടിക്കൂട്ട് രേഖ; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2022 04:57 PM  |  

Last Updated: 15th January 2022 04:57 PM  |   A+A-   |  

VD Satheesan says there is a mystery in the accidental death of models in Kochi

വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ഫയല്‍


തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തുവിട്ട സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡിപിആര്‍ രഹസ്യ രേഖയെന്ന് പറഞ്ഞ് സര്‍ക്കാര്‍ കബളിപ്പിച്ചു. പദ്ധതിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ എത്ര ടണ്‍ കല്ലും മണ്ണും പ്രകൃതി വിഭവങ്ങളും വേണമെന്ന് ഡിപിആറിലുണ്ടോ? തട്ടിക്കൂട്ടിയ ഡിപിആര്‍ ആണിത്-സതീശന്‍ പറഞ്ഞു. 

ശാസ്ത്രീയ പഠനത്തിന് അടിസ്ഥാനമാക്കിയല്ല ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്. അവകാശ ലംഘന നോട്ടീസ് വന്നപ്പോഴാണ് സര്‍ക്കാര്‍ ഡിപിആര്‍ പുറത്തുവിട്ടത്. കൃത്യമായ സര്‍വെപോലും നടത്തിയിട്ടില്ല. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം നടത്താതെ എങ്ങനെ ഡിപിആര്‍ ഉണ്ടാക്കും? ജപ്പാനില്‍ നിന്ന് ലോണ്‍ വാങ്ങാനുള്ള തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ഡിപിആര്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഡിപിആറില്‍ മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു. 

പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയും പരിസ്ഥിതി ആഘാത പഠനവും റിപ്പോര്‍ട്ടില്‍

ആറ് വാല്യങ്ങളിലായി 3776 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് എന്നിവ ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മേഖലയായി തരംതിരിച്ചുകൊണ്ടാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതി സ്റ്റാന്റേര്‍ഡ് ഗേജ് ആയി തീരുമാനിച്ചിരിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡം കണക്കിലെടുത്താണ്. 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. പ്രതിദിനം 54,000 യാത്രക്കാരുണ്ടാകുമെന്നും ഡിപിആറിന്റെ ട്രാഫിക് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഒരുക്കും. ട്രക്കുകള്‍ കൊണ്ടുപോകാന്‍ കൊങ്കണ്‍ മാതൃകയില്‍ റോ-റോ സര്‍വീസ് ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളവുമായി റെയില്‍വെപ്പാത ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നു.