മൂന്നാംദിവസവും ടിപിആര്‍ 30ന് മുകളില്‍, 11 കോവിഡ് ക്ലസ്റ്ററുകള്‍; എറണാകുളം കടുത്ത നിയന്ത്രണങ്ങളിലേക്ക്, അതീവ ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2022 06:15 PM  |  

Last Updated: 16th January 2022 06:16 PM  |   A+A-   |  

COVID UPDATES kerala

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായി മൂന്നാംദിവസവും 30ന് മുകളിലാണ് എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങടക്കം 11 കേന്ദ്രങ്ങള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറി. ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. ഇന്ന് 3204 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്ന് ദിവസം ടിപിആര്‍ 30ന് മുകളിലാണെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.

ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്നാണ് തീരുമാനം.എറണാകുളം ജില്ലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ടിപിആര്‍ 30ന് മുകളിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ക്വാറന്റൈനില്‍ അലംഭാവം പാടില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പരിശോധനകള്‍ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.