പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊല്‍ക്കത്തയ്ക്കു കടത്താന്‍ ശ്രമം; ഇരുപത്തിയഞ്ചുകാരി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2022 02:51 PM  |  

Last Updated: 17th January 2022 02:51 PM  |   A+A-   |  

sathi_beevi1

സാത്തി ബീവി

 

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊല്‍ക്കത്തയിലേക്ക്  കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവതി പിടിയിലായി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനി സാത്തി ബീവിയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊരട്ടിയിലാണ് സംഭവം. അതിഥി തൊഴിലാളിയായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയംനോക്കി പെണ്‍കുട്ടിയെ ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് സാത്തി ബീവി  കടത്തിക്കൊണ്ടുപോയത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്താഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പെണ്‍കുട്ടിയേയും പ്രതിയേയും പെരുമ്പാവൂരില്‍ നിന്നും കണ്ടെത്തിയത്. മൂര്‍ഷിദാബാദിലുള്ള ഭര്‍ത്താവ് അറിയാതെ പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാന്‍ വന്നതാണെന്നും പെണ്‍കുട്ടിയേയും കൂട്ടി കൊല്‍ക്കത്തയിലേക്ക്   കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പൊലീസിനോട് സമ്മതിച്ചു. 

അന്തര്‍സംസ്ഥാന ബസ്സില്‍ ആണ് പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. ട്രാവല്‍ ഏജന്‍സി ഓഫീസിലും ബസ്സുകളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടിക്കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.