നടിയെ ആക്രമിച്ച കേസ് : വിചാരണ കോടതി നടപടികള്‍ക്കെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2022 06:53 AM  |  

Last Updated: 17th January 2022 06:53 AM  |   A+A-   |  

high court of kerala and dileep

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക.കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

പ്രോസിക്യൂഷന്‍ വീഴ്ച്ചകള്‍ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും, മതിയായ കാരണം വേണമെന്നും വാദത്തിനിടെ കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതില്‍ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു.

കേസിന് അനുകൂലമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്നും കോടതി ആരാഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 

ഡിവൈഎസ്പി ബൈജു പൗലോസിന് തന്നോടുള്ള പകയാണ് പുതിയ കേസെടുത്തതിന് പിന്നിലെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നത് പൊലീസ് കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചിരുന്നു. 

അതിനിടെ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്ന വിഐപിയെ അന്വേഷണ സംഘം  തിരിച്ചറിഞ്ഞു. കോട്ടയത്തെ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വ്യവസായിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നടന്‍ ദിലീപിനെയും അന്വേഷണസംഘം ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കും.