സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്
ആലപ്പി രം​ഗനാഥ് / ഫയൽ
ആലപ്പി രം​ഗനാഥ് / ഫയൽ

കോട്ടയം: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.   ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ്  അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നാനൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങൾക്കും ഈണമൊരുക്കിയിട്ടുണ്ട്.  'സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാന്‍' എന്ന അദ്ദേഹത്തിന്റെ ഗാനം വളരെ പ്രശസ്തമാണ്. മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.  കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ ആദരിച്ചത്. 

ജീസസ് ആദ്യ സിനിമ

1973ല്‍ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ,ഗുരുദേവൻ തുടങ്ങിയവയാണ് ആലപ്പി രം​ഗനാഥിന്റെ പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി. എല്ലാ ദുഖവും തീർത്തുതരൂ എന്റയ്യാ, എൻ മനം പൊന്നമ്പലം ..., കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാൻ.., തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളും ഹേ രാമാ രഘുരാമാ, മഹാബലി മഹാനുഭാവ, ഓർമയിൽപോലും പൊന്നോണമെപ്പോഴും, നിറയോ നിറ നിറയോ തുടങ്ങിയ ഓണപ്പാട്ടുകളും ഏറെ ശ്രദ്ധേയമാണ്. 

സിനിമ-ടെലിഫിലിം സംവിധാനരം​ഗത്തും

അമ്പാടിതന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ത്യാഗരാജ സ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡുള്ള പരമ്പരയും അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി സയൻസ് ഓഫ് മെലഡി ആൻഡ് ഹാർമണി വിഭാഗത്തിൽ അതിഥി അധ്യാപകനായിരുന്നു. ടാഗോര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി കോട്ടയം ഏറ്റുമാനൂരിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം നേടി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം കഴിഞ്ഞ ദിവസം ശബരിമലയിലെത്തി അദ്ദേഹം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.  1949 മാർച്ച് 9ന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗതവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും മകനായിട്ടാണ് ആലപ്പി രം​ഗനാഥിന്റെ ജനനം. ‘നാളികേരത്തിന്റെ നാട്ടിലെനിയ്ക്കൊരു’ എന്ന പ്രശസ്ത ഗാനത്തിന്റെ ഉപകരണ വാദകനായിട്ടാണ് സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. ക്ലാസിക്കൽ ഡാൻസറും അധ്യാപികയുമായ ബി. രാജശ്രീ ആണ് ആലപ്പി രം​ഗനാഥിന്റെ ഭാര്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com