പാലക്കാട് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ച് സിപിഎം, വിവാദം; കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് വിശദീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2022 09:02 AM |
Last Updated: 17th January 2022 09:02 AM | A+A A- |

കന്നുപൂട്ട് മത്സരത്തിൽ നിന്ന്/ ടെലിവിഷൻ ദൃശ്യം
പാലക്കാട്: കോവിഡ് നിയന്ത്രണം നിലനില്‍ക്കെ സിപിഎം പാലക്കാട് സംഘടിപ്പിച്ച കന്നുപൂട്ട് മത്സരം വിവാദത്തില്‍. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് ആണ് സിപിഎം കന്നുപൂട്ട് സംഘടിപ്പിച്ചത്. അന്തരിച്ച സിപിഎം നേതാവ് ജി വേലായുധന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്.
സിപിഎം പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്ന വേലായുധന്റെ 17-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 100 ഓളം ഉരുക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തെന്ന് പൊല്‍പ്പുള്ളി ലോക്കല്‍ സെക്രട്ടറി വിനോദ് പറഞ്ഞു.
മല്‍സരം കാണാന്‍ 200 ലേറെ നാട്ടുകാരും ഉണ്ടായിരുന്നു. മലമ്പുഴ എംഎല്‍എ എ പ്രഭാകരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നും സിപിഎം വിശദീകരിച്ചു.
പാലക്കാട് 21 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.