ജിമ്മുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍ അടച്ചിടും; വിവാഹം, മരണാന്തര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് 2 ഡോസ് വാക്‌സിന്‍ നിര്‍ബന്ധം; ഇടുക്കിയില്‍ കടുത്ത നിയന്ത്രണങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2022 09:03 PM |
Last Updated: 18th January 2022 09:03 PM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ നിരോധിച്ചു. ഇടുക്കി ഡാമുള്‍പ്പടെയുള്ള എല്ലാ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സമയം പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുളളു. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, ബന്ധപ്പെട്ട അധികാരികള്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രം പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കേണ്ടതാണ്. ഈ ഉത്തരവ് ലംഘിക്കുന്ന പക്ഷം സംഘാടകര്‍ക്ക് / കെട്ടിട ഉടമയെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.
എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.ഷോപ്പിങ്ങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് വലിയ കടകള്‍ 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന ക്രമത്തില്‍ തിരക്കുകള്‍ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിച്ച് കടകള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കേണ്ടതാണ്. ഇവര്‍ക്കാവശ്യമായ സാനിറ്റൈസര്‍ കട ഉടമ സൗജന്യമായി നല്‍കേണ്ടതും ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരങ്ങള്‍ സൂക്ഷിക്കേണ്ടതുമാണ്. ഇതു സംബന്ധിച്ചുള്ള സൗകര്യങ്ങള്‍ കട ഉടമ ഉറപ്പ് വരുത്തേണ്ടതാണ്.
ജില്ലയിലെ ഹോട്ടലുകളില്‍ ഉള്‍പ്പെടെയുള്ള ജിമ്മുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍ അടച്ചിടും. ഹോട്ടലുകളില്‍ ഇരുത്തിയുള്ള ഭക്ഷണ വിതരണം അന്‍പത് ശതമാനം സീറ്റുകളില്‍ കൃത്യമായി സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്തുവാന്‍ പാടുള്ളു. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ മുഖേന വില്‍പ്പന പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.
ഹോട്ടലുകളിലെ കോമണ്‍ ഏരിയ എല്ലാ ദിവസവും ഹോട്ടല്‍ ഉടമയുടെ ചിലവില്‍ സാനിറ്റൈസ് ചെയ്യേണ്ടതാണ്. ജില്ലയില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനംഅടച്ചിടുന്നതിന് പ്രിന്‍സിപ്പല്‍ ഹെഡ് മാസ്റ്റര്‍ എന്നിവര്‍ക്ക് തീരുമാനം എടുക്കാം.
ജില്ലയില്‍ നടത്തുന്ന എല്ലാ ഗ്രാമസഭകളും, വികസന സെമിനാറുകളും ഓണ്‍ലൈനായി മാത്രമേ നടത്താന്‍ പാടുളളൂ.എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് കൃത്യമായി ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു