ഗുരുവായൂരില്‍ നിയന്ത്രണം; പ്രവേശനം 3000 ഭക്തര്‍ക്ക് മാത്രം; വിവാഹത്തിന് 10 പേര്‍; ചോറൂണ്‍ നിര്‍ത്തി

പ്രതിദിനം 3,000 പേര്‍ക്ക് മാത്രം വെര്‍ച്വുല്‍ ക്യൂ വഴി ദര്‍ശനത്തിന് അനുമതിയുണ്ടാകുകയുള്ളു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗുരുവായൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം. പ്രതിദിനം മൂവായിരം പേർക്ക് മാത്രം ദർശനാനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി. വിവാഹസംഘത്തിൽ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് പങ്കെടുക്കാം.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുഞ്ഞുങ്ങളുടെ ചോറുൺ നിർത്തിവെച്ചു.. ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണം.

മേൽപുത്തൂർ ആഡിറ്റോറിയത്തിലെ കലാപരിപാടികൾ മാറ്റിവെച്ചു. പ്രസാദ ഊട്ട് ഉണ്ടാകില്ല. പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും.

തൃശൂര്‍ ജില്ലയില്‍ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആര്‍) നിരക്ക് 30നു മുകളിലെത്തിയ സാഹചര്യത്തില്‍ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികളും നിര്‍ത്തിവച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഉത്സവങ്ങള്‍, പെരുന്നാളുകള്‍ മുതലായ ആഘോഷങ്ങള്‍ കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം. 

ഇതോടൊപ്പം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനാക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികള്‍ക്ക് അനുവദിക്കാം. ആളുകള്‍ ഒരുമിച്ച് കൂടുന്നത് തടയുന്നതിനായി എല്ലാ കടകളും ഓണ്‍ലൈന്‍ ബുക്കിംഗും വില്പനയും പ്രോല്‍സാഹിപ്പിക്കണം. മാളുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രം പ്രവേശനം അനുവദിക്കണം. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, തിയ്യേറ്ററുകള്‍ എന്നിവയില്‍ ശേഷിയുടെ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം പാടുള്ളൂ. എല്ലാ  പൊതുഗതാഗത സംവിധാനങ്ങളിലും കര്‍ശനമായ കോവിഡ്-19 പ്രോട്ടോകോള്‍ പാലിക്കണം. ബസ്സുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. 

എല്ലാ മത്സരപരീക്ഷകളും റിക്രൂട്ട്മെന്റുകളും യൂണിവേഴ്സിറ്റി പരീക്ഷകളും, സ്പോര്‍ട്സ് ട്രയലുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തേണ്ടതാണ്. ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും അനുവദനീയമല്ല. പോലീസ് ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്. 

ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളിലെ ഒന്‍പത് വരെയുള്ള ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ഉടന്‍ തന്നെ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടുന്നതിന് സ്ഥാപന മേധാവി നടപടി സ്വീകരിക്കേണ്ടതാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897-ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചും 1875-ലെ പൊതുജനാരോഗ്യ നിയമപ്രകാരവും 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭറണകൂടം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com