'ചന്തു' എന്ന് പരിചയപ്പെടുത്തി, യഥാർത്ഥ പേര് 'സന്ധ്യ'; ആണായി നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2022 07:59 AM |
Last Updated: 18th January 2022 07:59 AM | A+A A- |

സന്ധ്യ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ 27കാരി അറസ്റ്റിൽ. തിരുവനന്തപുരം അരുവിക്കുഴി സ്വദേശിനി സന്ധ്യ (27) ആണ് അറസ്റ്റിലായത്. ആണാണെന്ന് പരിചയപ്പെടുത്തി പെൺകുട്ടിയുമായി സൗഹൃദത്തിലായശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.
ആലപ്പുഴ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സന്ധ്യ കുട്ടിയെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് കേസ്. 'ചന്തു' എന്ന വ്യാജ പേരിലുള്ള അക്കൗണ്ട് വഴിയാണ് പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കിയത്. സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെൺകുട്ടികളുടെ സ്വകാര്യ വിഷമങ്ങൾ ഇത്തരം ഇടങ്ങളിൽ തുറന്നുപറയാൻ പ്രേരിപ്പിച്ചാണ് സന്ധ്യ ഇവരുമായി അടുപ്പമുണ്ടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മെസഞ്ചർ വഴി പരിചയപ്പെട്ടു
മെസഞ്ചർ വഴിയാണ് പെൺക്കുട്ടികളെ ബന്ധപ്പെട്ടിരുന്നത്. വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിലൂടെ മാത്രമായിരുന്നു സന്ധ്യ മെസഞ്ചർ ഉപയോഗിച്ചിരുന്നത്. 9 ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. സൈബർ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് യഥാർഥ പേരും ഫോൺ നമ്പറും കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വർണവും സന്ധ്യ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടുന്നതു വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്നു പെൺക്കുട്ടിക്ക് മനസ്സിലായിരുന്നില്ല.
2016ൽ 14 വയസ്സുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിനു സന്ധ്യക്കെതിരെ രണ്ട് പോക്സോ കേസുകൾ നിലവിലുണ്ട്. ഇതിനുപുറമേ അടിപിടിക്കേസും ഇവരുടെ പേരിലുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് സന്ധ്യ. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ തൃശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.