ലൈക്ക് അടിച്ചതിലെ വൈരാഗ്യം കൊലപാതകത്തിലെത്തി; കോട്ടയത്തേത് പ്രതികാരമെന്ന് പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2022 05:09 PM |
Last Updated: 18th January 2022 05:09 PM | A+A A- |

പ്രതി ജോമോന്‍, കോട്ടയം എസ്പി ശില്‍പ്പ/ ടെലിവിഷന്‍ ദൃശ്യം
കോട്ടയം: ഷാന്‍ ബാബു വധക്കേസില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കോട്ടയം എസ്പി ഡി ശില്‍പ്പ. പൊലീസിനെതിരായ ഷാനിന്റെ അമ്മയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കാണാനില്ലെന്ന പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ജോമോന്റെ വീട്ടിലും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെന്ന് എസ് പി പറഞ്ഞു.
എന്നാല്‍ ജോമോന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കൃത്യം നടനന്ത് മാന്നാനത്ത് വെച്ചാണ്. ആ സമയത്ത് ജോമോന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പ്രധാന റോഡുകളിലെല്ലാം വാഹന പരിശോധന നടത്തിയിരുന്നു. അതിനാല്‍ ഇടവഴികളിലൂടെയാണ് സംഘം സഞ്ചരിച്ചത്.
ജോമോന്റെ സുഹൃത്തായ കേസില്‍ ഉള്‍പ്പെട്ട ഗുണ്ടാനേതാവിനെ ഒക്ടോബറില്‍ ഷാനിന്റെ സുഹൃത്ത് മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ പോസ്റ്റിന് ഷാനും സുഹൃത്തുക്കളും ലൈക്ക് അടിക്കുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നു. അത് ഇവര്‍ക്ക് അപമാനമായി കരുതി. ഇതാണ് വൈരാഗ്യത്തിന് കാരണമായത്.
ഇതിന് പ്രതികാരം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചു. ഇതിനു വേണ്ടിയാണ് ഷാന്‍ ബാബുവിനെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. കൂടാതെ, ജോമോന്റെ സുഹൃത്തിനെ മര്‍ദ്ദിച്ചയാളെ കണ്ടെത്തുക എന്ന ലക്ഷ്യം കൂടി പ്രതികള്‍ക്ക് ഷാന്‍ബാബുവിന്റെ പിടികൂടിയതിന് പിന്നിലുണ്ടെന്നും എസ് പി ഡി ശില്‍പ്പ പറഞ്ഞു.
ഷാന്‍ കഞ്ചാവ് കേസില്‍ പ്രതിയാണ്. ജനുവരി മാസത്തില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ 30 കിലോ കഞ്ചാവു കടത്താന്‍ ശ്രമിച്ചതിന് പിടിയിലായിരുന്നു. ഓഗസ്റ്റിലാണ് ഷാന്‍ ജയില്‍ മോചിതനായത്. ഷാനിന്റെ സുഹൃത്തുക്കളെല്ലാം സാമൂഹ്യ വിരുദ്ധരാണ്.
അവര്‍ ഒന്നും ഇപ്പോള്‍ ജില്ലയിലില്ല. അവര്‍ ഒളിവിലാണ്. ഷാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ സുഹൃത്തുക്കളാണ്. അവരെ ഗ്യാംഗ് എന്നു പറയാന്‍ പറ്റില്ലെന്നും കോട്ടയം എസ്പി പറഞ്ഞു.