ആൽമരം വീണപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; 9 മാസത്തിന് ശേഷം കമുക് വീണ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2022 09:21 AM  |  

Last Updated: 18th January 2022 09:21 AM  |   A+A-   |  

tree_fell_death

രാജൻ (60)

 

കൊച്ചി: കൂറ്റൻ ആൽമരം നിലംപൊത്തിയപ്പോൾ അദ്ഭുതകരമായി രക്ഷപ്പെട്ടയാൾ ഒമ്പതുമാസത്തിനുശേഷം വീട്ടിലെ കമുകു ദേഹത്തു വീണു മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശി ഈരേപ്പാടത്ത് രാജൻ (60) ആണ് മരിച്ചത്. 

ഞായറാഴ്ച വൈകുന്നേരം ബന്ധുവിനൊപ്പം തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ മേൽ പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു

25 വർഷമായി ലോട്ടറി വിൽപനക്കാരനായ രാജൻ രാവിലെ മുതൽ വൈകീട്ടുവരെ നമ്പൂരിയച്ചൻ ആൽത്തറയുടെ ചുവട്ടിലാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കം മൂലം ആൽ ദ്രവിച്ച് നിലംപൊത്തുമ്പോൾ രാജൻ പതിവുപോലെ അതിനടിയിൽ ഉണ്ടായിരുന്നു. ഒരു പോറൽപോലും ഏൽക്കാതെ അദ്ഭുതകരമായാണ് അന്ന് രക്ഷപെട്ടത്. മറിഞ്ഞ ആലിന്റെ ഭാഗങ്ങൾ ആൽത്തറയിൽ തങ്ങിനിന്നതാണ് രക്ഷയായത്.