കോവിഡ് വ്യാപനം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം, ഒപി ഉച്ചയ്ക്ക് 12വരെ

ചികിത്സയ്‌ക്കെത്തുന്ന രോഗി അവശനിലയിലാണെങ്കില്‍ രണ്ടുപേരെയും മറ്റുള്ള രോഗികള്‍ക്ക് ഒരാളെയും സഹായിയായി അനുവദിക്കും
തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍   നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വ്യാഴാഴ്ച മുതല്‍ ഒപി ടിക്കറ്റ് വിതരണം രാവിലെ എട്ടു മുതല്‍ 12 വരെയായി നിജപ്പെടുത്തി. ചികിത്സയ്‌ക്കെത്തുന്ന രോഗി അവശനിലയിലാണെങ്കില്‍ രണ്ടുപേരെയും മറ്റുള്ള രോഗികള്‍ക്ക് ഒരാളെയും സഹായിയായി അനുവദിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് അതിവ്യാപനം 

ജില്ലയില്‍ ഇന്ന് 5684 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഒരാഴ്ചക്കിടെ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് വകുപ്പ് തലവന്‍മാര്‍ അടക്കമുള്ള അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചു. കോവിഡ് ക്ലസ്റ്ററായി മാറിയതിനെ തുടര്‍ന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്. 35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വ്യാപനത്തിനിടയിലും പരീക്ഷ നടക്കുന്നുണ്ട്.

സിപിഎം സമ്മേളനം സൂപ്പര്‍ സ്‌പ്രെഡര്‍

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം വൈറസിന്റെ സൂപ്പര്‍ സ്പ്രെഡര്‍ ആയി മാറി. സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ കോവിഡ് പോസിറ്റിവ് ആയതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ കുത്തനെ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ ഐബി സതീഷ്, കടകംപള്ളി സുരേന്ദ്രന്‍, ജി സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോസിറ്റിവ് ആയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com