‘മറ്റെവിടേക്കെങ്കിലും കൊണ്ടുപോകൂ‘, ഗുരുതരാവസ്ഥയിലായ ഗർഭിണിക്കൊപ്പം ആംബുലൻസിൽ കയറി സർക്കാർ ഡോക്ടർമാർ; സ്വകാര്യ ആശുപത്രിയിൽ പ്രസവം, പെൺകുഞ്ഞ് 

ഗൈനക്കോളജിസ്റ്റ് ഡോ. ആർ ശ്രീജയും അനസ്തെറ്റിസ്റ്റ് ഡോ. ജയമിനിയുമാണ് 27കാരിയായ സന്ധ്യയ്ക്കൊപ്പം ആശുപത്രിയിലെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: "ഇവിടെ ഇതിനുള്ള സൗകര്യമില്ല, മറ്റെവിടേക്കെങ്കിലും കൊണ്ടുപോകൂ" എന്ന് പറ‍ഞ്ഞയക്കുന്ന ഡോക്ടർമാരെ ഒരുപാട് തവണ കണ്ടിട്ടുണ്ടാകും. എന്നാൽ അതേ രോ​ഗിക്കൊപ്പം അടുത്ത ആശുപത്രി തേടിയിറങ്ങുന്ന ഡോക്ടർമാരെന്നത് ഒരു അപൂർവ്വ കാഴ്ചയാണ്. ​രക്തസമ്മർദം താഴ്ന്ന് ഗുരുതരാവസ്ഥയിലായ ​ഗർഭിണിക്കൊപ്പം ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും അനസ്തെറ്റിസ്റ്റും സ്വകാര്യ ആശുപത്രിയിലെ ലേബർ റൂമിലും കൂട്ടായി എത്തി. 

ഗൈനക്കോളജിസ്റ്റ് ഡോ. ആർ ശ്രീജയും അനസ്തെറ്റിസ്റ്റ് ഡോ. ജയമിനിയുമാണ് 27കാരിയായ സന്ധ്യയ്ക്കൊപ്പം ആശുപത്രിയിലെത്തിയത്. സന്ധ്യയെ ജനുവരി 10നു രാവിലെയാണു രണ്ടാമത്തെ പ്രസവത്തിനായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാത്രിയോടെ അമിതരക്തസ്രാവം ഉണ്ടാവുകയും രക്തസമ്മർദം താഴ്ന്നു ഗുരുതരാവസ്ഥയിലാകുകയുമായിരുന്നു. താലൂക്ക് ആശുപത്രിയിൽ നവീകരണം നടക്കുന്നതിനാൽ സൗകര്യക്കുറവുണ്ടായിരുന്നു. ഈ സമയത്ത് വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ രാത്രി പത്തരയോടെ ജില്ലാ ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർ തീരുമാനിച്ചു.

രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടതിനാൽ ആംബുലൻസിൽ സന്ധ്യയ്ക്കും ഭർത്താവിനും അമ്മയ്ക്കുമൊപ്പം ഡോക്ടർമാരും നഴ്സുമാരും കയറി. ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവില്ലായിരുന്നതിനാൽ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴും ഡോക്ടർമാരും നഴ്സുമാരും അവരെ അനു​ഗമിച്ചു. രക്തസമ്മർദം സാധാരണ നിലയിലാക്കി രാത്രി 12.20നു സ്വകാര്യ ആശുപത്രിയിൽ സന്ധ്യ പെൺകുഞ്ഞിന് ജന്മം നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com