മതം, ജാതി എന്നിവയ്‌ക്കൊന്നും പിതാവിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പങ്കില്ല: ഹൈക്കോടതി

താവെന്ന നിലയിലെ ചുമതല നിർവഹിക്കുന്നതിൽ ജാതിക്കും വിശ്വാസത്തിനുമൊന്നും പങ്കില്ലെന്ന് ഹൈക്കോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: പിതാവെന്ന നിലയിലെ ചുമതല നിർവഹിക്കുന്നതിൽ ജാതിക്കും വിശ്വാസത്തിനുമൊന്നും പങ്കില്ലെന്ന് ഹൈക്കോടതി. ഇരു മത വിഭാ​ഗത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടായ മകൾ ജീവനാംശം നൽകണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് പിതാവ് നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മകൾക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നൽകാൻ നെടുമങ്ങാട് കുടുംബക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരെയാണ് ഹൈക്കോടതിയിൽ പിതാവ് അപ്പീൽ നൽകിയത്. 

മുസ്‌ലിം മതവിശ്വാസം അനുസരിച്ചാണ് കുട്ടിയെ വളർത്തിയത്

ഹിന്ദുമതത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയാണ് പിതാവ്. മുസ്‌ലിം മതവിശ്വാസിയാണ് മാതാവ്. മകൾക്ക് മൂന്നു വയസ്സായപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മാതാവ് പിന്നീട് വിവാഹിതയായി. മൂന്നു വയസ്സുമുതൽ കുട്ടിയെ വളർത്തിയത് മാതാവിന്റെ മാതാപിതാക്കളാണ്. മുസ്‌ലിം മതവിശ്വാസം അനുസരിച്ചാണ് കുട്ടിയെ ഇവർ വളർത്തിയത്. 

മാതാപിതാക്കളെ എതിർകക്ഷിയാക്കി ഹർജി

മാതാപിതാക്കളെ എതിർകക്ഷിയാക്കിയാണ് കുടുംബക്കോടതിയിൽ മകൾ ഹർജി നൽകിയത്. എന്നാൽ ഇരുമതത്തിൽപ്പെട്ട മാതാപിതാക്കളുടെ  കുട്ടികളുടെ ജീവനാംശം തീരുമാനിക്കുന്നതിൽ നിലവിൽ നിയമമില്ല. 1984-ലെ സ്പെഷ്യൽ മാര്യേജ് ആക്ടും ഈ വിഷയം പരി​ഗണിക്കുന്നില്ല. 
എന്നാൽ യുഎൻ കൺവെൻഷൻ അംഗീകരിച്ച കുട്ടികളുടെ അവകാശങ്ങളിൽ മാതാപിതാക്കൾക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

വിവാഹച്ചെലവായി 14.66 ലക്ഷം രൂപ നൽകണമെന്നാണ് കുടുംബ കോടതി വിധിച്ചത്. എന്നാൽ ഹൈക്കോടതി ഇത് മൂന്നു ലക്ഷമായി കുറച്ചു. സ്വർണം വാങ്ങാനാണ് കൂടുതൽ തുക ചെലവഴിച്ചതെന്നത് കണക്കിലെടുത്താണിത്. ജീവനാംശമായി 5000 രൂപയും വിദ്യാഭ്യാസ ചെലവായി 96,000 രൂപയും നൽകണമെന്നും നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com