രവീന്ദ്രന്‍ പട്ടയം കൊണ്ട് ഒരു ഉപകാരവുമില്ല, ആരെയും കുടിയിറക്കില്ല; അര്‍ഹരായ എല്ലാവര്‍ക്കും പുതിയ പട്ടയം: റവന്യൂമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2022 04:45 PM  |  

Last Updated: 20th January 2022 04:45 PM  |   A+A-   |  

cancellation of raveendran pattayam

റവന്യൂമന്ത്രി കെ രാജന്‍ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: ഇടുക്കിയിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതിനെ ന്യായീകരിച്ച് റവന്യൂമന്ത്രി കെ രാജന്‍. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിന്റെ പേരില്‍ ആരെയും കുടിയിറക്കില്ല. രവീന്ദ്രന്‍ പട്ടയങ്ങള്‍ ലഭിച്ചവരില്‍ അര്‍ഹരായ എല്ലാവര്‍ക്കും പുതിയ പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഇപ്പോള്‍ എടുത്ത തീരുമാനമില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. 2019 ജൂണില്‍ റവന്യൂമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഓഗസ്റ്റില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. നടപടിക്രമങ്ങളില്‍ വീഴ്ച കണ്ടതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ രവീന്ദ്രന്‍ പട്ടയങ്ങള്‍ ലഭിച്ചവര്‍ക്ക് ഭൂമി വില്‍ക്കുവാനോ വായ്പ എടുക്കുവാനോ കഴിയാത്ത അവസ്ഥയാണ്. നികുതി പോലും അടയ്ക്കാന്‍ കഴിയുന്നില്ല. നടപടിക്രമങ്ങളുടെ വീഴ്ച മൂലം ഒരു ഉപകാരവുമില്ലാതെ വലിയ വിഭാഗം ആളുകളുടെ കൈയില്‍ ഇരിക്കുന്ന പട്ടയം റദ്ദാക്കി പുതിയ പട്ടയം നല്‍കാനുള്ള നടപടികളാണ് തുടരുന്നത്. രവീന്ദ്രന്‍ പട്ടയം പതിച്ചുനല്‍കിയപ്പോള്‍ യഥാര്‍ഥ അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കും. ഇതിലൂടെ അവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

പട്ടയം റദ്ദാക്കുന്നതിന്റെ പേരില്‍ ആരെയും കുടിയിറക്കില്ല. അവരുടെ ഭൂമിക്ക് നിയമസാധുത ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മൂന്നാറിലെ സിപിഎം ഓഫീസിന് പട്ടയം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകാമെന്ന് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് റവന്യൂമന്ത്രി മറുപടി നല്‍കി. സിപിഎം ഓഫീസിന്റെ പട്ടയം റദ്ദാക്കാന്‍ അനുവദിക്കില്ല എന്ന മുന്‍ മന്ത്രി എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കെ രാജന്‍ തയ്യാറായില്ല.