പോക്സോ കേസിലെ ഇര വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2022 12:48 PM  |  

Last Updated: 20th January 2022 12:48 PM  |   A+A-   |  

pocso case victim hanged at home

പ്രതീകാത്മക ചിത്രം

 

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. 

മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇളയമകനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

വീട്ടിൽ തിരിച്ചെത്തിയശേഷം പല തവണ പെൺകുട്ടിയെ ഭക്ഷണം കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഫോണിൽ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. ഉടൻതന്നെ അയൽവാസികളെ വിവരം അറിയിച്ച്, വാതിൽ ചവിട്ടിത്തുറന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. 

അപ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി അമ്മ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അധികൃതർ സൂചിപ്പിച്ചു.