ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കേള്‍ക്കാന്‍ അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ്ങ്; ഹൈക്കോടതി നാളെ നേരിട്ടു വാദം കേള്‍ക്കും

ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ രാവിലെ 10.15 ന് കോടതി നേരിട്ട് വിശദമായ വാദം കേള്‍ക്കും. ഇതിനായി അവധി ദിനമായ നാളെ കോടതി പ്രത്യേക സിറ്റിങ്ങ് നടത്തും. 

'ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും'

ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ കഴിഞ്ഞദിവസം സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

വ്യക്തിവിരോധമെന്ന് ദിലീപ്

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വ്യക്തിവിരോധം തീർക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട്   നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കൂടി പരിശോധിച്ച ശേഷമാകും ഹൈക്കോടതി തീരുമാനം എടുക്കുക.

ദിലീപിനെതിരെ പുതിയ കുറ്റം ചുമത്തി

അതിനിടെ, പൊലീസ് ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് ​ഗുടുതൽ ​ഗുരുതരമായ വകുപ്പ് കൂടി ചേർത്തു.  കേസിൽ 302 ഐപിസി (കൊലപാതകശ്രമം) പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി 12-ബി(1) ഐപിസി പ്രകാരമുള്ള ഗൂഢാലോചന നടന്നതായി കാണുന്നു. അതിനാൽ 120-ബി (1)ഐപിസിയോടൊപ്പം 302 ഐപിസി (120  ബി ഓഫ് 302 ഐപിസി) എന്ന് മാറ്റം വരുത്തി പ്രതികൾക്കെതിരെ അന്വേഷണം നടത്തി വരുന്നെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com