മമ്മൂട്ടിക്ക് കോവിഡ് വന്നത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ?; സിപിഎമ്മുകാര്‍ക്ക് മാത്രമാണോ രോഗം വരുന്നത്; സതീശന് കോടിയേരിയുടെ മറുപടി

സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണോ കോവിഡ് പിടിപെടുന്നതെന്നും കോടിയേരി ചോദിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് സിപിഎം സമ്മേളനങ്ങള്‍ക്കു വേണ്ടിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സമ്മേളനത്തിന് വേണ്ടി പ്രത്യേകിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. സോണുകള്‍ നിശ്ചയിച്ചതും കാറ്റഗറി നിശ്ചയിച്ചതും സര്‍ക്കാരാണ്. സിപിഎം അതില്‍ ഇടപെട്ടിട്ടില്ല. വി ഡി സതീശന്റെ ആരോപണങ്ങള്‍ വസ്തുത മനസ്സിലാക്കാതെയാണെന്ന് കോടിയേരി പറഞ്ഞു. 

സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണോ കോവിഡ് പിടിപെടുന്നതെന്നും കോടിയേരി ചോദിച്ചു. പാര്‍ട്ടി സമ്മേളനങ്ങളെല്ലാം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് നടക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കണമെന്ന് സിപിഎം ആഗ്രഹിക്കുമോയെന്ന് കോടിയേരി ചോദിച്ചു. 

നടന്‍ മമ്മൂട്ടിക്ക് കൊവിഡ് ബാധിച്ചത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തതു കൊണ്ടാണോയെന്നും കോടിയേരി ചോദിച്ചു. എത്രയോ പ്രഗത്ഭര്‍ രോഗബാധിതരായ റിപ്പോര്‍ട്ട് വന്നു കൊണ്ടിരിക്കുകയല്ലേ. അവരൊക്കെ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തവരാണോ,' കോടിയേരി ചോദിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനവുും അത്തരത്തിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും കോടിയേരി വ്യക്തമാക്കി. 

സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടിയാണ് ടിപിആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് സമ്മേളനം നടക്കുന്ന ജില്ലകളെ ഒഴിവാക്കാനാണ്. പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. 

സിപിഎം സമ്മേളനങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഏകെജി സെന്ററില്‍ നിന്നാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന കാസര്‍കോട് 36 ഉം, തൃശൂരില്‍ 34 ഉം ആണ് ടിപിആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ സമ്മേളനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു ജില്ലകളെയും എ,ബി, സി കാറ്റഗറികളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സിപിഎം നേതാക്കൾ ജില്ലാ സമ്മേളനങ്ങളില്‍ പോയി രോഗം പരത്തിക്കൊണ്ടിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com