ചൈനയെപ്പറ്റി പറഞ്ഞാൽ രാജ്യദ്രോഹമാകുമെന്ന സങ്കൽപ്പം മൂഢത, മോദിയുടെ കാലത്ത് ഇന്ത്യയിൽ പട്ടിണി കൂടി: കോടിയേരി

ഒരു ചൈനീസ്‌ പൗരന്റെ വാർഷിക വരുമാനം ഒമ്പതേകാൽ ലക്ഷം രൂപയിൽ അധികമാണ്‌
കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: കോൺഗ്രസിന്റെ അമേരിക്കൻ ദാസ്യവൃത്തി കാരണമാണ് ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചൈനയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ തന്ത്രത്തിന്റെ പെട്ടിപ്പാട്ടുകാരായി കോൺഗ്രസ്‌ നേതാക്കൾ മാറിയിരിക്കുകയാണ്‌. ചൈന പട്ടിണി തുടച്ചുമാറ്റിയതും മിത സമ്പന്നരാജ്യമായതും അത്ഭുതകരമായ സാമ്പത്തിക വളർച്ച നേടിയതും ശാസ്‌ത്ര–-സാങ്കേതിക രംഗങ്ങളിൽ മുന്നിലായതും ചൂണ്ടിക്കാട്ടുന്നത്‌ മോദി ഭരണത്തിനും സംഘപരിവാറിനും ഇഷ്ടപ്പെടില്ല.  ചൈന ഉൾപ്പെടെ സോഷ്യലിസ്റ്റ് ലോകത്തിന്റെ സവിശേഷതകളും മേന്മകളും സിപിഎം ആവർത്തിച്ചു പറയുമെന്നും കോടിയേരി പറഞ്ഞു.

അതിർത്തി സംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ ‘ചൈന പ്രേമ’ത്തിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യത്തിൽ സിപിഎം സോഷ്യലിസ്റ്റ് പക്ഷത്താണ്. കോൺഗ്രസും ബിജെപിയും അമേരിക്കൻ സാമ്രാജ്യത്വ പക്ഷത്തും. സിപിഎമ്മിന്‌ ദേശസ്നേഹമില്ലെന്നും അവർക്ക്‌ കൂറ്‌ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളോടാണെന്നും സ്ഥാപിക്കാൻ വേണ്ടിയാണ്‌ സാമ്രാജ്യത്വാനുകൂലികൾ പാർടിക്കെതിരെ ചൈനാ വിരുദ്ധ ഗോഗ്വാ...വിളി നടത്തുന്നത്‌.

ചൈന പട്ടിണി മാറ്റി, ഇന്ത്യയിൽ പട്ടിണി കൂടി

ചൈനയുടെ പ്രതിശീർഷ വരുമാനം 1978ൽ 200 ഡോളറായിരുന്നുവെങ്കിൽ 2021ൽ 12,536 ഡോളർ കടന്നു. ഒരു ചൈനീസ്‌ പൗരന്റെ വാർഷിക വരുമാനം ഒമ്പതേകാൽ ലക്ഷം രൂപയിൽ അധികമാണ്‌. ഇത്‌ മോദിഭരണ സ്‌തുതിപാഠകർക്ക്‌ പൊള്ളും. രാജ്യം കൂടുതൽകാലം ഭരിച്ച കോൺഗ്രസിനും രുചിക്കില്ല. കാരണം, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 101 ആണല്ലോ. 2020ലെ 94-ാം സ്ഥാനത്തുനിന്നാണ്‌ 2021ൽ 101ലേക്ക്‌ പിന്തള്ളപ്പെട്ടത്‌. ചൈനയും ക്യൂബയുമെല്ലാം ദാരിദ്ര്യമില്ലായ്‌മയിലാണ്‌ ഒന്നാംസ്ഥാനത്തുള്ളത്‌.

ചൈന പട്ടിണി മാറ്റിയെങ്കിൽ നരേന്ദ്ര മോദിയുടെ കാലത്ത് ഇന്ത്യയിൽ പട്ടിണി കൂടി. ചൈന പട്ടിണി തുടച്ചുമാറ്റിയതും അത്ഭുതകരമായ സാമ്പത്തിക വളർച്ച നേടിയതും ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ മുന്നിലായതും മോദി ഭരണത്തിന് ഇഷ്ടപ്പെടില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ചൈന വിരുദ്ധതയെയും കോടിയേരി ലേഖനത്തിൽ രൂക്ഷമായി വിമർശിച്ചു. ചൈനയുമായി നല്ല ബന്ധത്തിനു ശ്രമിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്നത്തെ കോൺഗ്രസിന്റെ അളവുകോൽ വച്ചാണെങ്കിൽ രാജ്യദ്രോഹിയാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പിണറായിയുടെ വിമര്‍ശനങ്ങളില്‍ പരാമര്‍ശമില്ല

ചൈനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉന്നയിച്ച വിമർശനങ്ങൾ കോടിയേരി പരാമർശിച്ചിട്ടില്ല. അതേസമയം, കോട്ടയം ജില്ലാ സമ്മേളനത്തിൽ ചൈനയെ സ്തുതിച്ച പി ബി അം​ഗം  എസ് രാമചന്ദ്രൻ പിളളയ്ക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ കോടിയേരി പ്രതിരോധിച്ചു. ‘ചൈനയെ പ്രകീർത്തിച്ച് എസ്ആർപിയും വിമർശിച്ച് പിണറായിയും എന്ന വിധത്തിൽ രണ്ടു പക്ഷം എന്നു വരുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് അസംബന്ധമാണ്. ചൈന ആർജിച്ച നേട്ടവും ജനജീവിതം കൂടുതൽ ഐശ്വര്യപൂർണമായതും രണ്ടു നേതാക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്’ കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com