ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും, രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം; അഞ്ച് പ്രതികൾക്കും നോട്ടീസ് 

സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ദിലീപ് ഉൾപ്പടെ അഞ്ച് പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 

ഇന്ന് മുതൽ മൂന്നു ദിവസം പൊലീസിനു മുന്നിൽ ഹാജരാവണമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാവിലെ ഒൻപതു മുതൽ രാത്രി എട്ടു വരെ ദിലീപിനെയും മറ്റു പ്രതികളെയും അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

കേസിൽ ശക്തമായ തെളിവുണ്ടെന്നാണ് ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ കൈവശമുണ്ടെന്നും ഇത് തുറന്ന കോടതിയിൽ പറയാനാവില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. മുദ്ര വെച്ച കവറിൽ ഇത് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com