ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കൂടി, കണ്ണൂര്‍ എ കാറ്റഗറിയില്‍; പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2022 05:50 PM  |  

Last Updated: 23rd January 2022 05:50 PM  |   A+A-   |  

covid cases in kerala

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ജില്ലയില്‍ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. 

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് കണ്ണൂരിനെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനുവരി ഒന്നാം തീയതിയെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 67 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ തന്നെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സംഘം പരിശോധന നടത്തുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.