'കൂട്ടം കുറച്ചാൽ നേട്ടം കൂടു'മെന്ന് തൃശൂർ ജില്ല കളക്ടർ; കൂട്ട ട്രോൾ, കമന്റ് ബോക്സ് പൂട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2022 08:12 AM  |  

Last Updated: 23rd January 2022 08:12 AM  |   A+A-   |  

thrissur_collector_facebook_post

ചിത്രം: ഫേയ്സ്ബുക്ക്

 

തൃശ്ശൂർ: തൃശൂർ ജില്ല കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട 'കൂട്ടം കുറച്ചാൽ നേട്ടം കൂടു'മെന്ന പോസ്റ്റിനെ ട്രോളി ജനം. പോസ്റ്റിട്ടതിന് പിന്നാലെ സിപിഎം സമ്മേളനങ്ങളിലെ ചിത്രങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. കൂട്ടമായി കമന്റുകൾ വന്നതിന് പിന്നാലെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ആക്കി.

ഇന്നലെ ഉച്ചയോടെയാണ് കളക്ടർ ഹരിത വി. കുമാറിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സിപിഎം സമ്മേളനം നടക്കുന്നതിനെ പരാമർശിച്ചുകൊണ്ടാണ് ഇതിന് താഴെ കമന്റുകൾ നിറഞ്ഞത്. പരിഹാസ കമന്റുകൾ നിറഞ്ഞതിന് പിന്നാലെയാണ് കമന്റ് ബോക്സ് ഓഫ് ആക്കിയത്. വീണ്ടും കമന്റ് ഓപ്ഷൻ ഓണാക്കിയെങ്കിലും പരിഹാസ കമന്റുകൾക്ക് കുറവില്ല. എന്നാൽ മുൻ കമന്റുകൾ നീക്കം ചെയ്ത നിലയിലാണ്. 

തിരുവാതിരക്കളിക്കായി കൂട്ടം കൂടുന്നതുകൊണ്ടു കുഴപ്പമുണ്ടോ, കൂട്ടം കൂടുന്നത് നേതാക്കൾ അല്ലേ, പോസ്റ്റുമായി ഇൻഡോർ സ്റ്റേഡിയത്തിൽ പോകൂ എന്നെല്ലാമാണ് കമന്റുകൾ. കോവിഡ് നിയന്ത്രണങ്ങൾക്കിടെ തൃശൂരിൽ സി പി എം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.