ക്രൈംബ്രാഞ്ചിന് മുന്നില്‍ 22 മണിക്കൂര്‍; ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
ദിലീപ്, ഫയല്‍ ചിത്രം
ദിലീപ്, ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രണ്ടുദിവസങ്ങളിലായി 22 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഹൈക്കോടതി അനുവദിച്ച മൂന്ന് ദിവസത്തെ സമയപരിധി നാളെ അവസാനിക്കും. ചോദ്യം ചെയ്യലിനായി നാളെ രാവിലെ വീണ്ടും ദിലീപ് അടക്കമുള്ള പ്രതികള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. 

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്.  രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനിടെ, സംവിധായകന്‍ റാഫിയെയും ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തു. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇരുവരെയും വിളിച്ചുവരുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ദിലീപിനെ വച്ച് ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയില്‍ നിന്ന് പിന്മാറുന്നതായി ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ചറിയിച്ചതായി റാഫി മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെയാണ് ഇക്കാര്യം പറഞ്ഞ് തന്നെ വിളിച്ചത്. ഒരു വര്‍ഷത്തിനുള്ളിലാണ് വിളിച്ചത്. സിനിമ നീണ്ടുപോകുന്നതില്‍ ബാലചന്ദ്രകുമാറിന് മനപ്രയാസമുണ്ടായിരുന്നു. ദീലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാര്‍ തന്നോട്  പറഞ്ഞിട്ടില്ലെന്നും റാഫി മാധ്യമങ്ങളോട് പറഞ്ഞു.

2018ലാണ് ദിലീപിനെ വച്ച് ചെയ്യുന്ന സിനിമയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. സിനിമ റീവര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത്. കാര്‍ണിവല്‍ കമ്പനിയാണ് നിര്‍മ്മിക്കാന്‍ ഇരുന്നത്. ഇവര്‍ക്ക് മറ്റൊരു സിനിമ കൂടി ഉണ്ടായിരുന്നു. അതിന്റെ സ്‌ക്രിപ്റ്റ് ആദ്യം എഴുതാന്‍ തന്നോട് പറഞ്ഞു. ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ വേണ്ടിവരും. അതിനാല്‍ പിക്ക് പോക്കറ്റ് മാറ്റിവെച്ച് രണ്ടാമത്തെ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും റാഫി പറഞ്ഞു. 

ദിലീപിന്റേതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങള്‍ അറിയാനുമാണ് റാഫിയെ വിളിച്ചുവരുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം നീട്ടിനല്‍കില്ലെന്ന സുപ്രീംകോടതി വിധി ഈ കേസിനെ ബാധിക്കില്ലെന്നും രണ്ടും വ്യത്യസ്തമായ കേസുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com