ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി; അറ്റ്‌ലസ് ജ്വല്ലറിയില്‍ ഇഡി റെയ്ഡ്, 26 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു

വ്യാജ രേഖകള്‍ ചമച്ച് ബാങ്കിന്റെ റൗണ്ട് സൗത്ത് ശാഖയില്‍നിന്ന് ഇവര്‍ 242.40 കോടിയുടെ വായ്പ സംഘടിപ്പിച്ചതായി ഇഡി
അറ്റ്‌ലസ് രാമചന്ദ്രന്‍/ഫയല്‍
അറ്റ്‌ലസ് രാമചന്ദ്രന്‍/ഫയല്‍

കൊച്ചി: വായ്പാ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് ജ്വല്ലറിയില്‍ നടത്തിയ റെയ്ഡില്‍ 26.59 കോടിയുടെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജ്വല്ലറിയുടെ മുംബൈ, ബംഗളൂരു, ന്യൂഡല്‍ഹി ഓഫിസുകളിലും ബാങ്ക് ലോക്കറുകളിലുമാണ് റെയ്ഡ് നടത്തിയത്. സ്ഥിര നിക്ഷേപം, സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പ നേടിയതിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലെടുത്ത പണം തട്ടിപ്പു കേസിലാണ് ഇഡി നടപടി. അറ്റ്‌ലസ് ജ്വല്ലേഴ്‌സ്, അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന എംഎം രാമചന്ദ്രന്‍, ഭാര്യ ഇന്ദിര രാമചന്ദ്രന്‍ എന്നിവരാണ് പ്രതികള്‍. 

വ്യാജ രേഖകള്‍ ചമച്ച് ബാങ്കിന്റെ റൗണ്ട് സൗത്ത് ശാഖയില്‍നിന്ന് ഇവര്‍ 242.40 കോടിയുടെ വായ്പ സംഘടിപ്പിച്ചതായി ഇഡി പറയുന്നു. 2013 മാര്‍ച്ച് 21 മുതല്‍ 2018 സെപ്റ്റംബര്‍ 26 വരെയുള്ള കാലയളവിലാണിത്. വായ്പ ഇവര്‍ തിരിച്ചടച്ചില്ല. രാമചന്ദ്രന്‍ അറ്റ്‌ലസ് ജ്വല്ലറിയില്‍ നറു കോടിയുടെ നിക്ഷേപം നടത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്. 

നേരത്തെ യുഎഇയില്‍ വായ്പയെടുത്ത് തിരിച്ചടവില്‍ മുടക്കം വരുത്തിയ കേസില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രവാസി വ്യവസായികളുടെയും ഇടപെടലിനെത്തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com