പാലക്കാട് വീണ്ടും പുലിയിറങ്ങി; ഗർഭിണിയായ ആടിനെ കൊന്നു

പാലക്കാട് വീണ്ടും പുലിയിറങ്ങി; ഗർഭിണിയായ ആടിനെ കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് മേലെ ധോണിയിൽ പുലിയിറങ്ങി. രണ്ട് പുലിക്കുട്ടികളെയും അമ്മപ്പുലിയെയും കണ്ടെത്തിയ ഉമ്മിനിയോടു ചേർന്നുള്ള മേലെ ധോണിയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു. പുലിയുടെ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിനി, പപ്പാടി, വൃന്ദാവൻ നഗർ, സൂര്യനഗർ, പപ്പാടിയിലെ പാറമട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് മേലെ ധോണിയിൽ പുലിയുടെ സാന്നിധ്യം.  

മേലെ ധോണി സ്വദേശി വിജയന്റെ ഗർഭിണിയായ ആടിനെ പുലി കൊന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിജയന് ഉപജീവനത്തിനായി മകൾ വാങ്ങി നൽകിയ മൂന്ന് ആടുകളിൽ ഒന്നിനെയാണു നഷ്ടമായത്. രാത്രിയിൽ പുലി കടിച്ചെടുത്ത് വാഴത്തോപ്പിൽ കൊണ്ടു വന്ന് ഭക്ഷണമാക്കുകയായിരുന്നു. കഴുത്തും ഉടലിന്റെ ഒരുഭാഗവും പുലിയെടുത്തു.

വളർത്തു മൃഗങ്ങളെ  കാണാതാകുന്നതിനു പിന്നിൽ പുലിയെന്നാണു നിഗമനം. അകത്തേത്തറയിലെ വിവിധയിടങ്ങളിൽ ഒന്നിലധികം പുലിയുണ്ടെന്ന് വനം വകുപ്പും സമ്മതിക്കുന്നു. സമീപ പ്രദേശങ്ങളായ മേലേ ചെറാട്, ഗിരിനഗർ, വൃന്ദാവൻ നഗർ എന്നിവിടങ്ങളിൽ പുലി വളർത്തു നായ്ക്കളെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. ഈ ആശങ്കകൾക്കിടയിലാണു വീണ്ടും പുലിയുടെ സാന്നിധ്യം തെളിഞ്ഞത്. വിവിധയിടങ്ങളിൽ കെണിയുൾപെടെ സ്ഥാപിച്ചെങ്കിലും ഓരോ ദിവസവും ജനവാസ മേഖലയിലെ വ്യത്യസ്ത ഇടങ്ങളിലാണു പുലിയെ കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com