ലോകായുക്ത അര്‍ധ ജുഡീഷ്യല്‍ സംവിധാനം മാത്രം, ദുര്‍ബലപ്പെടുത്താനെങ്കില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒഴിവാക്കില്ലേ?; സതീശന് മറുപടിയുമായി രാജീവ് 

ഓര്‍ഡിനന്‍സ് മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനമാണെന്ന് പി രാജീവ് പറഞ്ഞു
പി രാജീവ് മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം
പി രാജീവ് മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. പ്രതിപക്ഷ നേതാവ് പറഞ്ഞത് ഭരണഘടനയുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. ലോകായുക്ത നിയമത്തിലെ 14,12 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. ഹൈക്കോടതി വിധികള്‍ വകുപ്പ് 12നെ മാത്രം പരാമര്‍ശിക്കുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് മുഴുവന്‍ വിധി വായിച്ചിരിക്കില്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.  

ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള നിയമമന്ത്രി പി രാജീവിന്റെ ന്യായീകരണം അടിസ്ഥാനരഹിതമാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.  കോടതിയിലെ കേസ് 12-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. സര്‍ക്കാരിന്റെ നിലവിലെ നടപടി 14-ാം വകുപ്പുമായി ബന്ധപ്പെട്ടാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് ലോകായുക്ത നിയമത്തിലെ 14,12 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നതായി പി രാജീവ് വാദിച്ചത്. ആര്‍ട്ടിക്കിള്‍ 164നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിച്ചു എന്ന സതീശന്റെ ആരോപണവും പി രാജീവ് തള്ളി. ഭരണഘടന തെറ്റായി വ്യാഖ്യാനിച്ചിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.

ലോകായുക്ത ഒരു ക്വാസി ജുഡീഷ്യല്‍ ബോഡിയാണ്. ഒരു ക്വാസി ജുഡീഷ്യല്‍ ബോഡിക്ക് എങ്ങനെയാണ് ഭരണഘടന പദവിയിലിരിക്കുന്ന ആളെ നീക്കം ചെയ്യാന്‍ ഉത്തരവിടാന്‍ സാധിക്കുക. അങ്ങനെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇത് തിരുത്തുന്നതിന് വേണ്ടിയാണ് എജി ഒരു വര്‍ഷം മുന്‍പ് നിയമോപദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. നിയമസഭയില്‍ നിര്‍മ്മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത നിലവില്‍ വന്നത്. 

ഒരു സ്റ്റാറ്റിയൂട്ട് കൊണ്ട് എങ്ങനെയാണ് ഭരണഘടന പദവയില്‍ ഇരിക്കുന്നയാളെ പുറത്താക്കാന്‍ സാധിക്കുക. ഭരണഘടന അനുസരിച്ചാണ് നിയമസഭയില്‍ നിയമം നിര്‍മ്മിക്കുന്നത്. അങ്ങനെയിരിക്കേ, സ്റ്റാറ്റിയൂട്ട് കൊണ്ട് ഭരണഘടന പദവിയില്‍ ഇരിക്കുന്നയാളെ പുറത്താക്കാന്‍ നിര്‍ദേശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ്. ലോകായുക്തയ്ക്ക് ശുപാര്‍ശ നല്‍കാനെ അധികാരമുള്ളൂ. നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്നും രാജീവ് പറഞ്ഞു.

ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ലോകായുക്തയെ പല്ലും നഖവുമില്ലാത്ത സംവിധാനമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇതില്‍ നിന്ന് ഒഴിവാക്കിയാല്‍ മതിയല്ലോ. അത്തരത്തിലുള്ള നടപടി ഇവിടെ സ്വീകരിച്ചിട്ടുണ്ടോ?. മറ്റു സംസ്ഥാനങ്ങളിലെ ഉദാഹരണങ്ങള്‍ പരിശോധിക്കൂ എന്നും പി രാജീവ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ വരെ ഒഴിവാക്കിയിട്ടുണ്ടെന്നും പല്ലും നഖവുമുള്ള സംവിധാനമായാണ് ലോകായുക്തയെ കേരളത്തില്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന പിണറായി വിജയന്റെ പ്രസ്താവന ഓര്‍മ്മിപ്പിച്ചപ്പോള്‍ പി രാജീവിന്റെ പ്രതികരണം ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com