കാണാതായ പെൺകുട്ടികളിൽ ഒരാൾ കസ്റ്റഡിയിൽ; അഞ്ച് പേർ ഓടി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2022 07:07 PM  |  

Last Updated: 27th January 2022 07:07 PM  |   A+A-   |  

childrens home missing girls

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നു കാണാതായ സഹോദരിമാരടക്കം ആറ് പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി. മടിവാളയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേർ ഓടി രക്ഷപ്പെട്ടു. ഇവർ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്നു കടന്നുകളഞ്ഞത്. കാണാതായ കേസുകളിൽ ഉൾപ്പെട്ട ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരുന്നത്. കുട്ടികളെ കണ്ടെത്താനായി അന്വേഷണ സംഘം വ്യാഴാഴ്ച തന്നെ ബംഗളൂരുവിലേക്ക് തിരിക്കും. 

അതേസമയം, കുട്ടികളെ കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷൻ അംഗം ബബിത ചിൽഡ്രൻസ് ഹോമിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. 

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പിന്നാലെയാണ് ആറ് പെൺകുട്ടികളെയും ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്. ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം കുട്ടികൾ അടുക്കള ഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളിൽ കോണി വെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. 

സംഭവത്തിൽ ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് ചേവായൂർ പൊലീസിൽ പരാതി ലഭിച്ചത്. കുട്ടികൾ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്താണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം.