ദിലീപിനു തിരിച്ചടി; ആറു ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കണം, ഒരു ഫോണ്‍ ഒഴിവാക്കി

ഫോണ്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ അപേക്ഷ തള്ളി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതില്‍ ആറു ഫോണുകള്‍ ദിലീപും കൂട്ടുപ്രതികളും തിങ്കളാഴ്ച കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ അപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി.

തിങ്കളാഴ്ച രാവിലെ 10.15ന് ഫോണ്‍ ഹൈക്കോടതി രജിസ്ട്രിക്കു കൈമാറണം. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.

ഫോണ്‍ മുംബൈയില്‍ ആണെന്നും ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

ഏഴു ഫോണുകള്‍ കൈമാറണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ ഒരു ഫോണിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ദീലീപ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ആറു ഫോണുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. 

ഒറ്റയടിക്കു ഫോണ്‍ മാറ്റിയതു തന്നെ ഗൂഢാലോചനയ്ക്കു തെളിവ്

ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ പ്രതികള്‍ എല്ലാവരും ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ മാറ്റിയതു തന്നെ ഗൂഢാലോചനയ്ക്കു തെളിവാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ബാലചന്ദ്രകുമാര്‍ കൈമാറിയ ക്ലിപ്പിലെ ശബ്ദം തങ്ങളുടേതാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യ വിവരങ്ങള്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം കുറ്റകൃത്യത്തിന് ഉപയോഗിച്ച് ഫോണിന് അന്വേഷണത്തില്‍നിന്നു സംരക്ഷണം നല്‍കാനാവില്ലെന്് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി പറഞ്ഞു. 

ഫോണ്‍ പ്രതിയായ ദിലീപ് സ്വന്തം നിലയ്ക്കു പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഫോണ്‍ പരിശോധിക്കുന്നതിന് ചുമതലപ്പെട്ട ഏജന്‍സികള്‍ ഏതൊക്കെയന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഐടി നിയമത്തിലെ 79-ാം വകുപ്പില്‍ ഫോണ്‍ പരിശോധിക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ ഫോണ്‍ സ്വന്തം ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കുന്നത് അംഗീകരിക്കാനവില്ല- ഫോണ്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്ന വാദം മനസ്സിലാക്കുന്നു. എന്നാല്‍ ഇതെങ്ങനെ വേര്‍തിരിക്കും? ഇക്കാര്യത്തില്‍ നിയമം വ്യക്തമാണമെന്ന് കോടതി പറഞ്ഞു.

ഫോണ്‍ കൈമാറുക തന്നെ വേണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ പരിശോധിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ആവശ്യപ്പെട്ടു. കേരളത്തിലെ ഫോറന്‍സിക് ലാബുകള്‍ കേരള പൊലീസിന്റെ ഭാഗമാണെന്ന് രാമന്‍ പിള്ള വാദിച്ചു. തന്റെ കക്ഷിക്കു പോവാന്‍ വേറെ ഇടമില്ല. ഈ കോടതി മാത്രമാണ് ആശ്രയം. ദിലീപ് കോടതിയുടെ കരുണ തേടുകയാണ്. 

ഫോണ്‍ കൈമാറാത്തത് അന്വേഷണത്തോടുള്ള നിസ്സഹകരണമല്ല. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിക്കാന്‍ ശേഷിച്ച ഘട്ടത്തില്‍ പെട്ടെന്നു ബാലചന്ദ്ര കുമാര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇരുന്നൂറു പോരെ വിസ്തരിച്ചിട്ടും ദിലീപിനെതിരെ തെളിവൊന്നും കിട്ടിയില്ല. ദിലീപിനെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യുകയാണെന്നാണ് ഈ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ലക്ഷ്യമെന്ന് അഭിഭാഷകന്‍ പറഞ്ഞു. 

കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com