സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ല; ആവര്‍ത്തിച്ച്‌ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2022 11:22 AM  |  

Last Updated: 29th January 2022 11:22 AM  |   A+A-   |  

dileep

ദിലീപ് /ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട ഫോണ്‍ പ്രതിയായ ദിലീപ് സ്വന്തം നിലയ്ക്കു പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഹൈക്കോടതി. ഫോണ്‍ പരിശോധിക്കുന്നതിന് ചുമതലപ്പെട്ട ഏജന്‍സികള്‍ ഏതൊക്കെയന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഐടി നിയമത്തിലെ 79-ാം വകുപ്പില്‍ ഫോണ്‍ പരിശോധിക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ ഫോണ്‍ സ്വന്തം ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കുന്നത് അംഗീകരിക്കാനവില്ല- ഫോണ്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്ന വാദം മനസ്സിലാക്കുന്നു. എന്നാല്‍ ഇതെങ്ങനെ വേര്‍തിരിക്കും? ഇക്കാര്യത്തില്‍ നിയമം വ്യക്തമാണമെന്ന് കോടതി പറഞ്ഞു.

ഫോണ്‍ കൈമാറാനാവില്ലെന്ന് ദിലീപ്

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് തന്റെ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നാണ് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഇന്നലെ അറിയിച്ചത്. തന്റെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ഫോണിലുണ്ട്. അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചു.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അത് ശേഖരിക്കാനായി താന്‍ ആ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്റെ ഡിഫന്‍സിന് ഈ ഫോണ്‍ അനിവാര്യമാണ്. അതിനാല്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.

'പന്തീരായിരത്തോളം കോളുകള്‍ പഴയ ഫോണില്‍'

അതേസമയം കേസന്വേഷണത്തിന് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയേ തീരൂ എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പന്ത്രണ്ടായിരത്തോളം കോളുകള്‍ പഴയ ഫോണില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത പുതിയ ഫോണില്‍ വളരെ കുറവ് ഡാറ്റയേ ഉള്ളൂ. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന് ദിലീപ് കൈമാറിയ ഫോണിലെ തെളിവ് നശിപ്പിച്ചാല്‍ പിന്നെ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടാകുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും നല്‍കിയ സംരക്ഷണം കോടതി പിന്‍വലിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്കനുകൂലമായ തെളിവുകളാണ് ആ ഫോണിലുള്ളതെങ്കില്‍ കോടതിയില്‍ ആ ഫോണുകള്‍ നല്‍കൂ എന്ന് കോടതി ദിലീപിനോട് പറഞ്ഞു. ഹൈക്കോടതി പ്രോസിക്യൂഷനൊപ്പമാണ് എന്ന് പറഞ്ഞപ്പോള്‍ കോടതി ആവശ്യപ്പെട്ടാല്‍ ഫോണുകള്‍ നല്‍കാമെന്ന നിലപാടിലേക്ക് ദിലീപിന്റെ അഭിഭാഷകര്‍ മാറി. എവിടെയാണ് ഫോണുകള്‍ പരിശോധനയ്ക്ക് കൊടുത്തത് എന്നതിന്റെ വിവരങ്ങള്‍ ദിലീപ് കോടതിയില്‍ ഹാജരാക്കി.