എംബിഎ മാര്‍ക്ക്‌ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി വാങ്ങി; എംജി സര്‍വകലാശാല ജീവനക്കാരിയെ കൈയോടെ പൊക്കി വിജിലന്‍സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2022 02:46 PM  |  

Last Updated: 29th January 2022 02:46 PM  |   A+A-   |  

cj_elsi

കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ വിജിലന്‍സ് പിടികൂടിയപ്പോള്‍/ ടെലിവിഷന്‍ ചിത്രം

 

കോട്ടയം: എംബിഎ മാര്‍ക്ക്‌ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സിജെ എല്‍സിയാണ് പിടിയിലായത്. ഒന്നേകാല്‍ ലക്ഷം അക്കൗണ്ട് വഴി കൈമാറി. ബാക്കിത്തുക കൈപ്പറ്റുന്നതിനിടെയാണ് ജീവനക്കാരി പിടിയിലായത്. 

പത്തനംതിട്ട സ്വദേശിനായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ജീവനക്കാരിയെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരിയായ വിദ്യാര്‍ഥി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടു. ജോലി ആവശ്യാര്‍ത്ഥമാണ് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സര്‍വകലാശാലയിലെത്തിയത്. ഈ സമയത്താണ് ജീവനക്കാരിയായ എല്‍സിയെ വിദ്യാര്‍ഥി പരിചയപ്പെടുന്നത്. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി ഇവര്‍ ആവശ്യപ്പെട്ടു. പലപ്പോഴായി വിദ്യാര്‍ഥി പണം ഇല്ലെന്ന് പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാവാകാശം നേരിട്ടു.

ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയത്. ആദ്യഘട്ടം ഒരു ലക്ഷം ആക്കൗണ്ട് വഴിയും മറ്റ് 25,000 തുക പലഘട്ടങ്ങളിലായി നല്‍കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി 30,000 രൂപ ഇന്ന് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പണവുമായി എത്തിയ വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പി്ടികൂടുകയായിരുന്നു. ഇവര്‍ നേരത്തെ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു